
ദോഹ: ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ സുപ്രധാന മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള വാടക നിയമ ഭേദഗതിക്ക് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന യോഗത്തിലാണ് 2008-ലെ നാലാം നമ്പർ നിയമത്തിൽ വരുത്തിയ ഭേദഗതികൾ ചർച്ച ചെയ്തത്.കെട്ടിടങ്ങളും വീടുകളും നിയമവിരുദ്ധമായി ചെറുകഷ്ണങ്ങളായി വിഭജിച്ചു (Sub-division) വാടകയ്ക്ക് നൽകുന്ന രീതി കർശനമായി നിയന്ത്രിക്കും.വാടക കരാറുകൾ രജിസ്റ്റർ ചെയ്യാതിരിക്കുന്നത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനും എല്ലാ കരാറുകളും കൃത്യമായി രേഖപ്പെടുത്തുന്നതിനും നിയമം ഊന്നൽ നൽകുന്നു.കരാർ രജിസ്ട്രേഷൻ ഫീസുകൾ കുറയ്ക്കുന്നതിലൂടെ ഉപഭോക്താക്കൾക്കും ഉടമകൾക്കും വലിയ ആശ്വാസം നൽകും.വാടകയുമായി ബന്ധപ്പെട്ട പരാതികളും തർക്കങ്ങളും അതിവേഗം തീർപ്പാക്കുന്നതിനുള്ള പുതിയ സംവിധാനങ്ങൾ നിയമത്തിന്റെ ഭാഗമാകും.
ഷൂറാ കൗൺസിലിന്റെ അംഗീകാരം കൂടി ലഭിച്ചതോടെ, പുതിയ ഭേദഗതികൾ ഖത്തറിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ കൂടുതൽ സുതാര്യതയും ക്രമീകരണവും കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.










