
കേരളത്തിൽ ഒരാൾ കൂടി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് (51) കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒരുമാസത്തിനിടെ കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന ആറാമത്തെയാളാണ് ഷാജി.
കഴിഞ്ഞ രണ്ടാഴ്ചയായി ഷാജി കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എവിടെനിന്നാണ് ഷാജിക്ക് അണുബാധയുണ്ടായതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിലവിൽ പത്ത് പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
മലപ്പുറം വണ്ടൂർ സ്വദേശി ശോഭന, വയനാട് ബത്തേരി സ്വദേശി രതീഷ്, കോഴിക്കോട് ഓമശ്ശേരി സ്വദേശികളായ ദമ്പതികളുടെ മൂന്ന് മാസം പ്രായമായ കുഞ്ഞ്, മലപ്പുറം കണ്ണമംഗലം സ്വദേശി റംല, കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയ എന്നിവരാണ് കഴിഞ്ഞ ഒരുമാസത്തിനിടെ കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചവർ.











