
മരിച്ചെന്നു ഡോക്ടർമാർ വിധിയെഴുതിയ 50-കാരിക്ക് പുനർജന്മത്തിന് വഴിയൊരുക്കിയത് റോഡിലെ കുഴികൾ. സംസ്കാര ചടങ്ങുകൾക്കായി ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന സ്ത്രീയ്ക്കാണ് വഴിയുടെ ശോച്യാവസ്ഥ അനുഗ്രഹമായത്. ഉത്തർപ്രദേശിലാണ് സംഭവം. ബറേലി–ഹരിദ്വാർ ദേശീയപാതയിൽ നടന്ന സംഭവമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മസ്തിഷ്ക മരണം സംഭവിച്ചു എന്ന് ഡോക്ടർമാർ വിധിയെഴുതിയ വിനീത ശുക്ല എന്ന അമ്പതുകാരിയാണ് ആംബുലൻസ് റോഡിലെ കുഴിയിൽ വീണതോടെ ജീവിതത്തിലേക്ക് തിരികെ എത്തിയത്.
ബറേലിയിലെ ആശുപത്രിയിലെ ഡോക്ടർമാർ വിനീത ശുക്ലയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി കുടുംബത്തെ അറിയിച്ചിരുന്നു. തുടർന്ന് ഭർത്താവ് കുൽദീപ് കുമാർ ശുക്ല ആംബുലൻസിൽ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ സംസ്കാരച്ചടങ്ങുകൾക്കായി ബന്ധുക്കളോട് തയ്യാറാകാനും പറഞ്ഞിരുന്നു.
എന്നാൽ ദേശീയപാതയിലെ കുഴി നിറഞ്ഞ ഭാഗത്ത് എത്തിയപ്പോൾ ആംബുലൻസ് പെട്ടെന്ന് വലിയ കുഴിയിൽ പതിച്ച് ശക്തമായി കുലുങ്ങി. അതിനു പിന്നാലെ വിനീത സാധാരണ നിലയിൽ ശ്വസിക്കാൻ തുടങ്ങുകയായിരുന്നു. സംഭവത്തിൽ ഞെട്ടിയ കുൽദീപ് ഉടൻ തന്നെ ബന്ധുക്കളെ വിളിച്ച് സംസ്കാര ഒരുക്കങ്ങൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് വിനീതയെ പിലിഫിത്തിലെ ന്യൂറോസിറ്റി ആശുപത്രിയിൽ എത്തിച്ചു. ന്യൂറോ സർജൻ ഡോ. രാകേഷ് സിങ് വിശദമായ പരിശോധനകൾക്ക് ശേഷം ചികിത്സ ആരംഭിച്ചു. കുറച്ച് ദിവസത്തെ തീവ്രപരിചരണത്തിന് ശേഷം വിനീത പൂർണ ആരോഗ്യവതിയായി വീട്ടിലേക്ക് മടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
പിലിഫിത്തിലെ ജുഡീഷ്യൽ കോടതിയിൽ സീനിയർ അസിസ്റ്റന്റായി ജോലി ചെയ്യുന്ന വിനീത ഫെബ്രുവരി 22ന് വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ബോധരഹിതയായി വീണിരുന്നു. ആദ്യം പിലിഭിത്തിലെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ബറേലിയിലേക്ക് മാറ്റുകയായിരുന്നു.











