10:05pm 09 November 2026
NEWS
ആലുവയിൽ നിന്ന് കാണാതായ 12കാരിയെ പുണെയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയിൽ
28/07/2026  08:06 PM IST
nila
ആലുവയിൽ നിന്ന് കാണാതായ 12കാരിയെ പുണെയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയിൽ

ആലുവ: ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പുണെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കേരള പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്നാണ് തെരച്ചിൽ ഏകോപിപ്പിച്ചത്.

ശനിയാഴ്ച രാത്രി ആലുവ കരുമാലൂരിൽ നിന്നാണ് കുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങിവരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. പോകുമ്പോൾ കുട്ടിയുടെ കൈവശം അമ്മയുടെ മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് സ്വിച്ച് ഓഫ് ചെയ്യപ്പെട്ടു. അന്വേഷണത്തിനിടെ കാസർകോട് ഭാഗത്താണ് അവസാനമായി ഫോൺ ടവർ ലൊക്കേഷൻ ലഭിച്ചത്.

സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് കുട്ടിയെ കണ്ടെത്തുന്നതിൽ നിർണായകമായത്. പ്രതിയുടെ സുഹൃത്തിന്റെ ഫോണിൽ നിന്ന് സന്ദേശങ്ങൾ അയച്ച് പ്രതിയെ ഫോൺ ഓൺ ചെയ്യാൻ പ്രേരിപ്പിച്ചതോടെയാണ് പുതിയ ലൊക്കേഷൻ പോലീസിന് ലഭിച്ചത്.

ധാരാവി ഉൾപ്പെടെയുള്ള അതീവ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൂടെ പ്രതി സഞ്ചരിച്ചതിനാൽ അന്വേഷണം ഏറെ ദുഷ്കരമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇവർ നിസാമുദ്ദീൻ എക്‌സ്പ്രസിൽ പുണെയിലേക്ക് യാത്ര ചെയ്യുകയാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് താനെയിൽ നിന്നുള്ള പോലീസ് സംഘം പുണെ റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്നു. വൈകുന്നേരം ട്രെയിൻ എത്തിയതോടെ ജനറൽ കോച്ചുകളിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്.

അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവിയുടെയും ജില്ലാ പോലീസ് മേധാവിയുടെയും നേതൃത്വത്തിൽ ഇതര സംസ്ഥാന പോലീസുമായി നിരന്തരം ഏകോപനം നടത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നുമായിരുന്നു നേരത്തെ ബന്ധുക്കളുടെ ആരോപണം.

സംഭവത്തെ തുടർന്ന് കുട്ടികളുടെ സുരക്ഷയിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു. കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും അവരുടെ ഓൺലൈൻ, ഓഫ്‌ലൈൻ ഇടപെടലുകൾ ഉത്തരവാദിത്തത്തോടെ നിരീക്ഷിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ നിർദേശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img