01:06am 11 November 2026
NEWS
യുഎസ് താരിഫുകള്‍ക്കും മറ്റ് വെല്ലുവിളികള്‍ക്കുമിടയില്‍ ശക്തമായ നയപരമായ പിന്തുണ തേടി അലുമിനിയം എക്‌സ്ട്രൂഷന്‍ മേഖല
26/08/2025  03:25 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
യുഎസ് താരിഫുകള്‍ക്കും മറ്റ് വെല്ലുവിളികള്‍ക്കുമിടയില്‍ ശക്തമായ നയപരമായ പിന്തുണ തേടി അലുമിനിയം എക്‌സ്ട്രൂഷന്‍ മേഖല

കേരളത്തിലെ അലുമിനിയം എക്‌സ്ട്രൂഷന്‍ മേഖലയ്ക്കുള്ള ആഗോള അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അലുമെക്‌സ് ഇന്ത്യ 2025

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ചതും സുപ്രധാനവുമായ ചില അലുമിനിയം എക്‌സ്ട്രൂഷന്‍ യൂണിറ്റുകളുടെ ആസ്ഥാനമായ കേരളം, രാജ്യത്തെ അലുമിനിയം മേഖലയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഒരു സ്ഥലമാണ്. കൊച്ചിയിലെ മലബാര്‍ എക്‌സ്ട്രൂഷന്‍, ഹിന്‍ഡാല്‍കോയുടെ പ്രതിവര്‍ഷം 12,000 മെട്രിക് ടണ്‍ ഉല്പാദനശേഷിയുള്ള ആലുപുറത്തെ പ്ലാന്റ് തുടങ്ങിയ മുന്‍നിര നിര്‍മ്മാതാക്കള്‍ വഴി ആര്‍ക്കിടെക്ച്ചര്‍, ഗതാഗതം, പ്രതിരോധം, കണ്‍സ്യൂമര്‍  ഡ്യൂറബിള്‍സ് എന്നിവയ്ക്കുള്ള അലുമിനിയം പ്രൊഫൈലുകളുടെയും ലോഹക്കൂട്ടുകളുടെയും വിതരണത്തില്‍ ഗണ്യമായ സംഭാവന നല്‍കുന്ന സംസ്ഥാനമാണ് കേരളം.
കേരളത്തില്‍, അടിസ്ഥാന സൗകര്യ വികസനം, നഗരവല്‍ക്കരണം, വ്യവസായവല്‍ക്കരണം എന്നിവ കാരണം അലുമിനിയം എക്‌സ്ട്രൂഷനുകളുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ വിമാനത്താവളങ്ങള്‍, റെയില്‍വേകള്‍, ഹൈവേകള്‍, സ്മാര്‍ട്ട് സിറ്റികള്‍, മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവയുടെ നിര്‍മ്മാണം ഭാരം കുറഞ്ഞതും, ഈടുനില്‍ക്കുന്നതും, തുരുമ്പു പിടിക്കല്‍ പ്രതിരോധശേഷിയുള്ളതുമായ ഗുണങ്ങള്‍ കാരണം കൂടുതലായും അലുമിനിയം ഉപയോഗിക്കുന്നതിനു കാരണമായി.
എന്നിരുന്നാലും, കേരളത്തിന് ശക്തമായ വ്യാവസായിക അടിത്തറ, മികച്ച കണക്റ്റിവിറ്റി, വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തി എന്നിവ ഉണ്ടായിരുന്നിട്ടും, സംസ്ഥാനത്തെ അലുമിനിയം എക്‌സ്ട്രൂഷന്‍ നിര്‍മ്മാതാക്കള്‍ പലതരം വെല്ലുവിളികള്‍ നേരിടുന്നു. സ്വന്തമായി ബോക്‌സൈറ്റ് ശേഖരമുള്ള ലോകത്തിലെ മൂന്നാമത്തെ വലിയ അലുമിനിയം ഉത്പാദക രാജ്യമാണ് ഇന്ത്യയെങ്കിലും, ഇവിടെ അസംസ്‌കൃത വസ്തുക്കളുടെ വില തീര്‍ത്തും അസ്ഥിരമാണ്. പാരിസ്ഥിതിക അനുമതികള്‍ നേടുന്നതിലെ കാലതാമസം, ഉയര്‍ന്ന ഉല്‍പാദനച്ചെലവ്, ഉയര്‍ന്ന ഗതാഗത ചെലവുകള്‍ എന്നിവ മത്സരക്ഷമത ഇല്ലാതാക്കുകയും ഈ മേഖലയിലെ ശേഷി വികസനത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.
കൂടാതെ, വ്യവസായത്തിന്റെ നട്ടെല്ലായ ആഭ്യന്തര എംഎസ്എംഇകള്‍, സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഇളവുകള്‍, ചൈനയില്‍ നിന്നും വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, കംബോഡിയ തുടങ്ങിയ ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള കുറഞ്ഞ വിലയ്ക്കുള്ള  ഇറക്കുമതി എന്നിവയുടെ സമ്മര്‍ദ്ദത്തില്‍ ബുദ്ധിമുട്ടുകയാണ് ഇന്ത്യ. അതോടൊപ്പം യുഎസ് താരിഫ് പ്രശ്‌നങ്ങള്‍ ആഭ്യന്തര നിര്‍മ്മാതാക്കളുടെ സ്ഥിതി കൂടുതല്‍ വഷളാക്കിയ കാര്യമാണ്.
'കേരളത്തിന് ഒരു പ്രധാന അലുമിനിയം എക്‌സ്ട്രൂഷന്‍ ഹബ്ബാകാനുള്ള കഴിവുണ്ട്, എന്നാല്‍ അടിയന്തര സര്‍ക്കാര്‍ പിന്തുണയും സീറോ ഡ്യൂട്ടി ഇറക്കുമതികള്‍ക്കെതിരായ സുരക്ഷാ നടപടികളും ഇല്ലാത്തതിനാല്‍ നിര്‍മ്മാതാക്കള്‍ അവരുടെ ഉല്പാദന പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ പാടുപെടുകയാണ്. ലാഭകരവും ആഗോളതലത്തില്‍ മത്സരക്ഷമതയുള്ളതുമായി തുടരണമെങ്കില്‍ അസംസ്‌കൃത വസ്തുക്കളുടെ വില, അംഗീകാരങ്ങള്‍, ലോജിസ്റ്റിക്‌സ് വെല്ലുവിളികള്‍ എന്നിവ പരിഹരിക്കുന്നതിന് ഈ മേഖലയ്ക്ക് അടിയന്തര ശ്രദ്ധ ആവശ്യമാണ്,' അലുമിനിയം എക്‌സ്ട്രൂഷന്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ALEMAI) പ്രസിഡന്റ് ജിതേന്ദ്ര ചോപ്ര പറഞ്ഞു.
ഇന്ത്യയില്‍ ആകമാനമുള്ള സ്ഥാപിത അലുമിനിയം എക്‌സ്ട്രൂഷന്‍ ശേഷി പ്രതിവര്‍ഷം 3 ദശലക്ഷം ടണ്‍ ആണ്, എന്നാല്‍ ഉത്പാദനം ഏകദേശം 1.2 ദശലക്ഷം ടണ്‍ മാത്രമാണ്, അതിനാല്‍ ബാക്കി 1.8 ദശലക്ഷം ടണ്‍ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ്.
ഈ പശ്ചാത്തലത്തിലാണ്, ALEMAI സംഘടിപ്പിക്കാന്‍പോകുന്ന ALUMEX ഇന്ത്യ 2025, ഈ ആശങ്കകള്‍ പരിഹരിക്കുന്നതിനും വളര്‍ച്ചാ അവസരങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനുമുള്ള ഒരു സമര്‍പ്പിത വേദി നല്‍കുന്നത്. സെപ്റ്റംബര്‍ 10 മുതല്‍ 13 വരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഈ പരിപാടിയില്‍ അലുമിനിയം മൂല്യ ശൃംഖലയിലുടനീളമുള്ള 200-ലധികം പ്രദര്‍ശകരെയും 12,000 ബിസിനസ്സ് സന്ദര്‍ശകരെയും ഒരുമിച്ച് കൊണ്ടുവരും.
ALUMEX ഇന്ത്യ 2025-ല്‍, സാങ്കേതിക പ്രാദേശികവല്‍ക്കരണം, ഗ്രീന്‍ എക്‌സ്ട്രൂഷന്‍ രീതികള്‍, MSME-കള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണ, ഉയര്‍ന്നുവരുന്ന ആഗോള പ്രവണതകള്‍ എന്നിവയെക്കുറിച്ച് സമര്‍പ്പിത സെഷനുകള്‍ ഉണ്ടായിരിക്കും. ഇത് ഈ രംഗത്തെ നവീകരണത്തിനും സുസ്ഥിര രീതികള്‍ സ്വീകരിക്കുന്നതിനും സഹായിക്കുകയും  ചെയ്യും. ഈ മേഖലയിലെ ആഗോള തലത്തിലുള്ള സ്ഥാപനങ്ങളുടെയും പ്രമുഖ ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ, ALUMEX ഇന്ത്യ 2025 അലുമിനിയം എക്‌സ്ട്രൂഷന്‍ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനും ഇന്ത്യയെ ആഗോള ഉല്‍പ്പാദനരംഗത്തെ പ്രമുഖ സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമായി പ്രതിഷ്ഠിക്കാനും ലക്ഷ്യമിടുന്നു.
ഹിന്‍ഡാല്‍കോ, വേദാന്ത, ഖനി മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായ ജെഎന്‍എആര്‍ഡിഡിസി, പ്രതിരോധ ആവശ്യങ്ങള്‍ക്കായി എക്‌സ്ട്രൂഷന്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന, പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ യന്ത്ര ഇന്ത്യ ലിമിറ്റഡ്, എംഎസ്എംഇ മന്ത്രാലയത്തിന്‍ കീഴിലുള്ള ഇഇപിസി-ഇന്ത്യ എന്നിവ അലുമെക്‌സ് ഇന്ത്യ 2025 നെ പിന്തുണയ്ക്കുന്നുണ്ട് .

അലുമെക്‌സ് ഇന്ത്യ 2025 നെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, www.alumexindia.com സന്ദര്‍ശിക്കുക

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img