
മന്ത്രിസഭ അറിയാതെ നയംമാറ്റിയെന്ന് വെളിപ്പെടുത്തി മുൻ ഐഎഎസ് ഉദ്യോഗസ്ഥനും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം. ഇ കെ നായനാർ മന്ത്രിസഭയുടെ കാലത്താണ് താൻ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെ സർക്കാരിന്റെ നയത്തിന് വിരുദ്ധമായി തീരുമാനമെടുത്ത് നടപ്പാക്കിയതെന്നാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ വെളിപ്പെടുത്തൽ. ദ വിന്നിങ് ഫോർമുല, 52 വേയ്സ് ടു ചേഞ്ച് യുവർ ലൈഫ് എന്ന പുസ്തകത്തിലാണ് കണ്ണന്താനം ഈ കാര്യം പറയുന്നത്.
ഇ.കെ.നായനാർ മന്ത്രിസഭയുടെ കാലത്ത് കേരളത്തിൽ സ്വകാര്യ പ്രഫഷണൽ കോളജുകൾ കൊണ്ടുവരാൻ തീരുമാനിച്ചത് മന്ത്രിസഭ അറിയാതെയെന്നാണ് തൻറെ പുസ്തകത്തിൽ കണ്ണന്താനം പറയുന്നത്. പി.ജെ.ജോസഫായിരുന്നു അന്ന് വിദ്യാഭ്യാസ മന്ത്രി.
സർക്കാർ നയത്തിന് വിരുദ്ധമായി സ്വകാര്യ എൻജിനിയറിങ് കോളജുകൾക്ക് നിരാക്ഷേപ പത്രം കൊടുത്ത അൽഫോൻസ് കണ്ണന്താനത്തെ പിന്തുണച്ച് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫ് രാജിഭീഷണി മുഴക്കിയെന്നും കണ്ണന്താനം പുസ്തകത്തിൽ പറയുന്നു.











