07:11pm 18 April 2026
NEWS
വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒമ്പത് പേരുടെയും സംസ്കാരം ഇന്ന് ഉച്ചയോടെ
18/04/2026  06:15 AM IST
nila
വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒമ്പത് പേരുടെയും സംസ്കാരം ഇന്ന് ഉച്ചയോടെ

പൊള്ളാച്ചി: വാൽപ്പാറ ചുരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും പോസ്റ്റ്‌മോർട്ടം പൊള്ളാച്ചി ആശുപത്രിയിൽ പൂർത്തിയായി. മൃതദേഹങ്ങൾ ഉടൻ മലപ്പുറത്തേക്ക് കൊണ്ടുപോകും. ഇന്ന് ഉച്ചയോടെ മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനു ശേഷമാകും സംസ്കാര ചടങ്ങുകൾ. പള്ളിപ്പറമ്പ് ഗവ.എൽപി സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത (54), അദ്ധ്യാപികമാരായ റംലത്ത്, (52), സുഹറ, (43), ആശ(41), അധ്യാപകനായ അബ്ദുൽ മജീദ് (43), മജീദിന്‍റെ ഭാര്യ റുഖിയ(39),സ്‌കൂളിലെ പാചക തൊഴിലാളി സാജിത, (45), സുഹറയുടെ മകൻ ഹിഷാം, (12), സമീപ സ്‌കൂളായ ജിയുപിയിലെ അദ്ധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്. പൊള്ളാച്ചി ആശുപത്രിയിൽ അർധരാത്രി ആരംഭിച്ച പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്നു പുലർച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്.

ഇന്നലെ വൈകുന്നേരം 5.20ഓടെ വാൽപ്പാറ ചുരം റോഡിൽ 13 പേരുമായി സഞ്ചരിച്ച ടൂറിസ്റ്റ് വാൻ അപകടത്തിൽപ്പെടുകയായിരുന്നു. പതിമൂന്നാം ഹെയർപിൻ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പലതവണ മറിഞ്ഞ് ഏകദേശം 300 അടി താഴ്ചയിലേക്ക് വീണ് ഒൻപതാം വളവിന് സമീപം പതിച്ചു.

പെരിന്തൽമണ്ണയിൽ നിന്ന് വിനോദയാത്രയ്ക്കായി പോയ സംഘത്തിലെ ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരണപ്പെട്ടത്. പൊള്ളാച്ചിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. കാഴ്ച പരിമിതിയുള്ള അബ്ദുൽ മജീദിന് കൂട്ടുപോയതായിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യ റുഖിയ. ഷക്കീന അടുത്തിടെയാണ് എൽപി സ്‌കൂളിൽ നിന്ന് യുപി സ്കൂളിലേക്ക് മാറിയത്. താൻ ഇത്ര കാലവും ജോലി ചെയ്ത സ്‌കൂളിലെ വിനോദയാത്രയിൽ അവർ ഒപ്പം കൂടുകയായിരുന്നു.

അപകടത്തിൽപ്പെട്ട വാനിന്‍റെ ഡ്രൈവർ മുഹമ്മദ് ഹാഫിസ് അടക്കം മൂന്നു പേർ ഗുരുതര പരിക്കോടെ കോയമ്പത്തൂർ ഗവ.മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരിച്ച സാജിതയുടെ മകൻ ഷഹദീൻ(11), വാഹനത്തിന്റെ ഡ്രൈവർ മുഹമ്മദ് ഹാഫിസ് (22), സ്‌കൂളിലെ ഡ്രൈവർ നൗഷാദ് (39) എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇവരെ കൂടാതെ അപകടത്തിൽ നിസാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ട 11 വയസുകാരി മസ്‌നീൻ എന്ന കുട്ടിയെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മരിച്ച അദ്ധ്യാപിക ഷക്കീനയുടെ മകൾ ആണ് മസ്‌നീൻ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img