
പാൻ-ഇന്ത്യൻ താരം അല്ലു അർജുൻ ഹിറ്റ് സംവിധായകൻ ആറ്റ്ലിയുമായി സഹകരിച്ച് നിർമ്മിക്കുന്ന ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനമാണ് ഇന്ത്യൻ സിനിമാലോകത്തെ ഇപ്പോഴത്തെ ചർച്ചാവിഷയം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സാങ്കേതിക സഹായം ഹോളിവുഡിൽ നിന്നാണ് എന്ന് ഇന്ന് താരം പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാണ്. അയൺ ഹെഡ് സ്റ്റുഡിയോ സി ഇ ഓ ജോസ് ഫെർണാണ്ടസ്, വി എഫ് എക്സ് സൂപ്പർവൈസർ ജെയിംസ് മാഡിഗൺ, മൈക്ക് എലിസാഡിലെ (സ്പെക്ട്രൽ മോഷൻ), ജസ്റ്റിൻ റാലെയ്ഗ് (ഫ്രാക്ച്ചേർഡ് എഫ് എക്സ്) വില്യം ആൻഡേഴ്സൺ ( ലോല വി എഫ് എക്സ് ) എന്നിവരെ നേരിട്ട് കണ്ടാണ് അല്ലു അർജുനും ആറ്റ്ലിയും ചിത്രത്തിന്റം കഥ പറഞ്ഞത്.
ഒരു വീഡിയോയിലൂടെയാണ് നിർമ്മാതാക്കൾ പദ്ധതി പ്രഖ്യാപിച്ചത്. അല്ലു അർജുനും ആറ്റ്ലിയും അയൺഹെഡ് സ്റ്റുഡിയോ (വസ്ത്രാലങ്കാരവും ജീവി രൂപകൽപ്പനയും), സ്പെക്ട്രൽ മോഷൻ, ഐഎൽഎം ടെക്നോപ്രോപ്സ്, ലെഗസി ഇഫക്ട്സ് എന്നിവയിലെ സാങ്കേതിക വിദഗ്ധരെ സന്ദർശിക്കുന്ന വീഡിയോയാണ്. അല്ലു അർജുനും ആറ്റ്ലിയും പറഞ്ഞ കഥ കേട്ട് അമ്പരന്നു പോയി എന്നാണ് ഇവരൊക്കെ പ്രതികരിച്ചത്. സിനിമാ ലോകത്തെ നിസ്സാരക്കാരല്ല ഇങ്ങനെ അഭിപ്രായം പറഞ്ഞത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.
"ഞാൻ സ്ക്രിപ്റ്റ് വായിച്ചു, എന്റെ തല ഇപ്പോഴും കറങ്ങുകയാണ്," - വിഎഫ്എക്സ് സൂപ്പർവൈസർ ജാമി മാഡിഗൻ വീഡിയോയിൽ പറയുന്നുണ്ട്. അയൺ മാൻ 2, ട്രാൻസ്ഫോർമേഴ്സ്: റൈസ് ഓഫ് ദി ബീറ്റ്സ്, ജി.ഐ. ജോ എന്നീ ചിത്രങ്ങളിലെ സാങ്കേതിക മികവിന് പിന്നിൽ പ്രവർത്തിച്ചയാളാണ് ഇത് പറയുന്നത് എന്നോർക്കണം.
“കഥ കേട്ട താൻ വളരെ ആവേശഭരിതനാണ്” എന്നാണ് ഫ്രാക്ചേർഡ് എഫ്എക്സിന്റെ സിഇഒയും ആർട്ടിസ്റ്റിക് ഡയറക്ടറുമായ ജസ്റ്റിൻ റാലി പറയുന്നത്. “ഞാൻ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നതിൽ ഏറ്റവും മികച്ചതാണ് ഈ തിരക്കഥ” എന്നായിരുന്നു സ്പെക്ട്രൽ മോഷന്റെ പ്രസിഡന്റ് ആർട്ടിസ്റ്റിക് ഡയറക്ടർ മൈക്ക് എലിസാൽഡിന്റെ പ്രതികരണം. എലിസാൽഡ് അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ, ഫന്റാസ്റ്റിക് ഫോർ എന്നിവയുടെ കലാസംവിധാനം നിർവഹിച്ചയാളാണ് ഇത്തരത്തിൽ പ്രതികരിച്ചത് എന്നതും ഇന്ത്യൻ സിനിമാ ലോകത്തെ ആവേശം കൊള്ളിക്കുന്നുണ്ട്.
വിഎഫ്എക്സിൽ ഉയർന്ന നിലവാരമുള്ള ഒരു ബിഗ് ബജറ്റ് സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രം എന്നാണ് പ്രമോഷണൽ വീഡിയോ നൽകുന്ന സൂചന. സിനിമയിൽ ഉപയോഗിക്കാൻ പോകുന്ന ഡീ-ഏജിംഗ് സാങ്കേതികവിദ്യയെക്കുറിച്ചും വീഡിയോ സൂചന നൽകുന്നു. സംവിധായകൻ ആറ്റ്ലിയുടെ സാന്നിധ്യത്തിൽ നടത്തിയ പ്രീ-വിഷ്വലൈസേഷൻ ജോലികളുടെ ദൃശ്യങ്ങളും നിർമ്മാതാക്കൾ വെളിപ്പെടുത്തുന്നു.
A22XA6 എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ഇതിന് പിന്നിലും ഒരു അർത്ഥമുണ്ട്. അല്ലു അർജ്ജുന്റെ 22മത്തെ ചിത്രമാണിത്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രവും. ഇതാണ് സിനിമയുടെ പേരിന് പിന്നിലെ രഹസ്യം. അതേസമയം, ചിത്രത്തിന്റെ അഭിനേതാക്കളെയും ക്രൂവിനെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.











