10:02pm 29 April 2026
NEWS
24 കൊലപാതകങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രി എന്ന ആരോപണം; കേസ്സെടുക്കാൻ ഉത്തരവിട്ട് ആഭ്യന്തരമന്ത്രി
19/08/2025  12:05 PM IST
വിഷ്ണുമംഗലം കുമാർ
24 കൊലപാതകങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രി എന്ന ആരോപണം; കേസ്സെടുക്കാൻ ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

ബംഗളുരു: " ധർമ്മസ്ഥലയിൽ ഒട്ടേറെ മൃതദേഹങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ടെന്ന് ഒരു അജ്ഞാതൻ വെളിപ്പെടുത്തിയപ്പോൾ ഗവണ്മെന്റ് എസ് ഐ ടി രൂപീകരിച്ച് അന്വേഷണം പ്രഖാപിച്ചു. 24 കൊലപാതകങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്ന് മറ്റൊരാൾ വിളിച്ചുപറയുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പറന്നുനടക്കുന്നു. അതേപ്പറ്റി അന്വേഷണമില്ലേ? " നിയമസഭയിലെ ശൂന്യവേളയിൽ പ്രതിപക്ഷനേതാവ് ആർ അശോക് ചോദ്യമുന്നയിച്ചു. "സോഷ്യൽ മീഡിയ ചീഞ്ഞുനാറുന്ന അഴുക്കുചാലായി പരിണമിച്ചിരിക്കുന്നു. ഇരുപത്തിനാല് കൊലപാതകങ്ങൾ നടത്തിയത് മുഖ്യമന്ത്രിയാണെന്ന് ഒരാൾ ആരോപിക്കുന്നു. എന്താണ് ഗവണ്മെന്റ് അയാൾക്കെതിരെ നടപടി എടുക്കാത്തത്?" മുതിർന്ന ബിജെപി നേതാവ് എസ് സുരേഷ്കുമാർ ഒപ്പം ചേർന്നു. " ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയ്‌ക്കെതിരെയും അയാൾ ആരോപണമുന്നയിച്ചിട്ടുണ്ട്. പേര് പറഞ്ഞ് നാം അയാളെ കേമനാക്കേണ്ട" ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഇടപെട്ടു. അവരാരും പേര് പരാമർശിച്ചില്ലെങ്കിലും മഹേഷ്‌ ഷെട്ടി തിമരോടിയെയാണ് അവർ ഉദ്ദേശിച്ചതെന്ന് വ്യക്തമായിരുന്നു. കാരണം അയാളുടെ വിഡിയോ ആണ് വൈറൽ ആയത്. രാഷ്ട്രീയ ജാഗരണ വേദികെയുടെയും പ്രജാപ്രഭുത്വ വേദികെയുടെയും നേതാവാണ് തിമരോടി. പക്ഷെ ചാനലുകളിൽ നിറഞ്ഞ അയാളുടെ വിവാദപ്രസംഗം രണ്ടുവർഷം മുമ്പുള്ളതായിരുന്നു. ധർമ്മസ്ഥല വിവാദത്തിന്റെ പശ്ചാത്തലത്തിൽ അതാരോ കുത്തിപ്പൊക്കിയതാണ്. 2023 മെയ്‌ 20 ന് സിദ്ധരാമയ്യ രണ്ടാം തവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഏതാനും ദിവസങ്ങൾക്കകമായിരുന്നു തിമരോടിയുടെ ഈ വിവാദ പ്രസംഗം. 2012 ൽ ധർമ്മസ്ഥലയെ ഞെട്ടിച്ച സൗജന്യ കൊലക്കേസ് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലായിരുന്നു ഈ വിവാദപ്രസംഗം. ബിജെപിയുടെ ബെൽത്തങ്ങടി എം എൽ എ ഹരീഷ് പൂഞ്ചയുടെ വാക്കുകൾ ആവർത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് തിമരോടി വ്യക്തമാക്കി. വിവാദ പ്രസംഗം നടത്തിയ പൂഞ്ചയ്ക്കെതിരെ ബെൽത്തങ്ങടിയിൽ കേസ് നിലവിലുണ്ട്. ആവശ്യം ശക്തിപ്പെട്ടതിനെ തുടർന്ന് തിമരോടിയ്ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വര നിയമസഭയിൽ പ്രഖ്യാപിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img