
കൊച്ചി: കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരൻ എംപിയുടെ ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്തവരിൽ ഒരാൾ വധശ്രമക്കേസിൽ അറസ്റ്റിലായി. മട്ടാഞ്ചേരി ഷിബു എന്നറിയപ്പെടുന്ന ഷിബുവിനെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബാറിൽ ഉണ്ടായ തർക്കത്തിനിടെ ഷമീർ എന്നയാളെ ചുറ്റിക ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നതാണ് കേസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ച് കെ. സുധാകരനെ സന്ദർശിച്ച സംഘത്തിൽ ഷിബുവും ഉണ്ടായിരുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ ‘ഓപ്പറേഷൻ തൂഫാൻ’, എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ എന്നിവയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ജൂൺ 18-ന് പരിപാടി നടന്നതെന്നാണ് വിവരം.
എന്നാൽ പരിപാടിയിൽ പങ്കെടുത്തവരിൽ ക്രിമിനൽ കേസുകളിലെ പ്രതികളും ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ളവരും ഉണ്ടായിരുന്നുവെന്ന ആരോപണം പിന്നീട് ഉയർന്നു. വയോധികയെ മർദിച്ച കേസിലെ പ്രതി, തോക്ക് കേസിലെ പ്രതി, ബ്യൂട്ടി പാർലർ വെടിവയ്പ് കേസിലെ പ്രതി തുടങ്ങി നിരവധി പേരുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി വിമർശനം ശക്തമായി. വിവാദം കനക്കുന്നതിനിടെ ഡിസിസി നേതൃത്വവും വിഷയത്തിൽ അകലം പാലിച്ചിരുന്നു.
ഇതിനിടെയാണ് ബാറിലുണ്ടായ ആക്രമണക്കേസ് പുറത്തുവന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ മട്ടാഞ്ചേരിയിലെ ബാറിൽ മദ്യപിക്കാനെത്തിയ ഷമീറും പ്രതികളും തമ്മിലുണ്ടായ വാക്കുതർക്കം ആക്രമണത്തിലേക്ക് വഴിമാറിയെന്നാണ് പൊലീസ് പറയുന്നത്.
പരാതിപ്രകാരം, ഷിബു ആദ്യം ഷമീറിനെ കഴുത്തിൽ പിടിച്ച് തള്ളിയശേഷം കൈവശമുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് മുഖത്തും തലയിലും ആക്രമിച്ചു. രണ്ടാം പ്രതിയായ ഷിഹാബ് ഷമീറിനെ ചവിട്ടുകയും മർദിക്കുകയും ചെയ്തതായും കേസിലുണ്ട്. ബാറിന് പുറത്തേക്ക് പോയ ഷമീർ പിന്നീട് വീണ്ടും അകത്തുകയറിയപ്പോൾ ഷിബു വീണ്ടും ചുറ്റിക കൊണ്ട് ആക്രമിക്കുകയും ഷിഹാബ് പിന്നിൽ നിന്ന് തള്ളിയിടുകയും ചെയ്തെന്നാണ് അന്വേഷണ വിവരം.
ഗുരുതരമായി പരിക്കേറ്റ ഷമീർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നാലെയും ഷിബു ബാറിലെ കൗണ്ടറിന് സമീപം നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഷിബുവിനും ഷിഹാബിനുമെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.










