
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെയും ചില വാർത്താ ചാനലുകളിലൂടെയും പ്രചരിക്കുന്ന 'ബിജെപി ഓഫിസ് സർക്കുലർ' വ്യാജമാണെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്ന പ്രചാരണവും അടിസ്ഥാനരഹിതമാണെന്നും ബിജെപി വാർത്താക്കുറിപ്പിൽ അറിയിച്ചു.
തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ ദേശീയതലം മുതൽ സംസ്ഥാന, ജില്ല, നിയോജകമണ്ഡലം തലങ്ങൾ വരെ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും ഓഡിറ്റ് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കിയ പാർട്ടിയാണ് ബിജെപിയെന്ന് നേതൃത്വം അവകാശപ്പെട്ടു. പൂർണ സുതാര്യതയോടെയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കേരളത്തിൽ നടപ്പാക്കിയതെന്നും അതിന്റെ ഫലമായാണ് ചരിത്രത്തിലാദ്യമായി മൂന്ന് എം.എൽ.എമാരെ നിയമസഭയിലേക്ക് വിജയിപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞതെന്നും പ്രസ്താവനയിൽ പറയുന്നു.
ഈ നേട്ടത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി നേരിട്ട് സംസ്ഥാനത്തെ നേതാക്കളെയും പ്രവർത്തകരെയും അഭിനന്ദിച്ചിരുന്നുവെന്നും പാർട്ടി ചൂണ്ടിക്കാട്ടി. ബിജെപിയുടെ വളർച്ചയെ ലക്ഷ്യമിട്ട് ചില ദേശവിരുദ്ധ ശക്തികൾ വ്യാജരേഖകളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുകയാണെന്നും അത്തരം പ്രചാരണങ്ങളിൽ പാർട്ടി പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.
ഒരു ദേശീയ രാഷ്ട്രീയ പാർട്ടിക്കുള്ളിൽ വിവിധ തലങ്ങളിലുള്ള അച്ചടക്ക നടപടികൾ സാധാരണ ഭരണപരമായ നടപടിക്രമങ്ങളുടെ ഭാഗമാണെന്നും അത് പാർട്ടിയുടെ ആഭ്യന്തര വിഷയമാണെന്നും വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. വ്യാജരേഖകൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ബിജെപി മുന്നറിയിപ്പ് നൽകി.










