05:54pm 14 October 2026
NEWS
നെടുമ്പാശേരി കാർ അപകടം: കോടീശ്വരപുത്രനെ രക്ഷിക്കാൻ വൻ അട്ടിമറി നീക്കമെന്ന് ആക്ഷേപം; എഫ്.ഐ.ആറിൽ പേര് വെക്കാതെയും ബോസ്റ്റൽ സ്‌കൂളിലാക്കിയും ഒത്തുകളിയെന്ന് കുടുംബങ്ങൾ
14/10/2026  07:51 AM IST
നിയമകാര്യ ലേഖകൻ
നെടുമ്പാശേരി കാർ അപകടം: കോടീശ്വരപുത്രനെ രക്ഷിക്കാൻ വൻ അട്ടിമറി നീക്കമെന്ന് ആക്ഷേപം; എഫ്.ഐ.ആറിൽ പേര് വെക്കാതെയും ബോസ്റ്റൽ സ്‌കൂളിലാക്കിയും ഒത്തുകളിയെന്ന് കുടുംബങ്ങൾ

കൊച്ചി: നെടുമ്പാശേരിയിൽ നടുറോഡിൽ മൂന്ന് വിദ്യാർത്ഥികളെ കാറിടിച്ചു ചതച്ചരച്ച കോടീശ്വര പുത്രൻ സുഹൈലിനെ രക്ഷിക്കാൻ വിവിധ കോണുകളിൽ നിന്ന് വ്യാപക ശ്രമം നടക്കുന്നതായി ആക്ഷേപം. പോലീസും സ്വാധീനശക്തികളും പ്രതിക്ക് സംരക്ഷണം ഒരുക്കുന്നതായി മരണമടഞ്ഞ പെൺകുട്ടികളുടെ കുടുംബങ്ങൾ ശക്തമായി സംശയിക്കുന്നു.
​സുഹൈലിന്റെ പേര് ചേർക്കാതെ എഫ്.ഐ.ആർ തയ്യാറാക്കിയത്, റിമാൻഡ് ചെയ്ത് ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയത്, മരിച്ചവരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുന്നത് തുടങ്ങി കരുതിക്കൂട്ടിയുള്ള നീക്കങ്ങളാണ് നടക്കുന്നത്. കേസ് അട്ടിമറിച്ചേക്കുമെന്ന് മരിച്ച പാലക്കാട് സ്വദേശി ഗോപികയുടെ കുടുംബവും ആരോപിച്ചിട്ടുണ്ട്. വയനാട് സ്വദേശി ദേവികയുടെ കുടുംബവും കഴിഞ്ഞദിവസം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
 സുഹൈലിന്റെ പേരിന് പകരം കാറിന്റെ നമ്പറും ഡ്രൈവർ എന്ന് മാത്രമാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത്. വിലാസം 'അജ്ഞാതം' എന്നും രേഖപ്പെടുത്തി. മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന വിവരവും പ്രാരംഭഘട്ടത്തിൽ ചേർത്തിരുന്നില്ല.
​ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും, പ്രതിയെ രക്ഷിക്കാൻ ആരും ശ്രമിച്ചാൽ നടക്കില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കുറ്റകരമായ നരഹത്യയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
 മരിച്ചവരുടെ സുഹൃത്തുക്കൾക്ക് സുഹൈലിന്റെ പേര് അറിയാത്തതിനാലാണ് എഫ്.ഐ.ആറിൽ പേര് ചേർക്കാത്തതെന്നാണ് ആലുവ റൂറൽ എസ്.പി കെ.എസ്. സുദർശന്റെ വിശദീകരണം. പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് സുഹൈലിനെതിരെ എക്‌സൈസ് കേസെടുത്തിട്ടുണ്ട്. ഇയാൾക്ക് മദ്യം നൽകിയ മൂന്ന് ബാറുകൾക്കെതിരെയും നടപടിയുണ്ട്. സുഹൈലിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേട്ട് കോടതി മറ്റന്നാൾ പരിഗണിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img