
ദോഹ: ഖത്തറിന്റെ നയതന്ത്ര, ജീവകാരുണ്യ ഇടപെടലുകളെയും മധ്യസ്ഥ ശ്രമങ്ങളെയും ലക്ഷ്യമിട്ട് സമീപകാലത്തായി നടക്കുന്ന വ്യാജ മാധ്യമ പ്രചാരണങ്ങളെയും തെറ്റായ വിവര ശേഖരണങ്ങളെയും രൂക്ഷമായി വിമർശിച്ച് ഖത്തർ പ്രസ് സെന്റർ (QPC). ഇതിന്റെ ഭാഗമായി, 'ദി ന്യൂയോർക്കർ' മാഗസിൻ സെപ്റ്റംബർ 19-ന് പുറത്തുവിട്ട റിപ്പോർട്ടിലെ ആരോപണങ്ങളെ അന്താരാഷ്ട്ര മാധ്യമ ഓഫീസ് പൂർണ്ണമായി തള്ളിപ്പറഞ്ഞു. വ്യാജവും കെട്ടിച്ചമച്ചതുമായ രേഖകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നത് ആലോചനയിലാണെന്നും അധികൃതർ വ്യക്തമാക്കി.
2023 അവസാനത്തോടെ തുടങ്ങിയ 'ദി ഖത്തർ കോൺസ്പിറസി' എന്ന പേരിലുള്ള വ്യാജ പ്രചാരണങ്ങൾ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് വ്യാജ വിവരങ്ങൾ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതിനിടയിലും, ഗാസയിലെ സമാധാനത്തിനും ദുരിതാശ്വാസത്തിനും വേണ്ടിയുള്ള മധ്യസ്ഥ ശ്രമങ്ങളുമായി ഖത്തർ മുന്നോട്ട് പോകും. ഈ മേഖലയിൽ ഈജിപ്തുമായും യു.എസുമായും സഹകരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി വ്യക്തമാക്കി.










