
തൃശ്ശൂർ: മണലൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപിനെതിരേ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രംഗത്ത്. നാട്ടിക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.കെ. ഫിറോസാണ് ടി എൻ പ്രതാപനെതിരെ ഗുരുതര ആരോപണം ഉയർത്തി രംഗത്തെത്തിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പ്രതാപൻ ബിജെപിയുമായി കോടികളുടെ ഡീലുണ്ടാക്കിയെന്നാണ് ഫിറോസിന്റെ ആരോപണം. ബിജെപിക്ക് വോട്ട് മറിക്കാനായി പ്രതാപൻ എട്ടുകോടി രൂപയാണ് വാങ്ങിയതെന്നും ഫിറോസ് പറയുന്നു. സിപിഎം തൃശ്ശൂർ ജില്ലാക്കമ്മിറ്റി ഓഫീസിൽ എൽഡിഎഫ് നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടാണ് ഫിറോസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ:
'ബിജെപി കിറ്റ് വിതരണം ചെയ്തല്ലോ. അവിടേക്ക് ടി.എൻ. പ്രതാപൻ ഓടിയെത്തുന്നു. പോലീസുമായി കയർക്കുന്നു. ബിജെപിക്കെതിരേ വലിയ പ്രക്ഷോഭത്തിന് കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നു. നിങ്ങൾ ഇന്നലെയാണ് അത് അറിഞ്ഞത്. പക്ഷേ ഞങ്ങൾ മൂന്നുദിവസം മുൻപേ അത് അറിഞ്ഞു, ആ പ്ലാൻ ചെയ്യുന്ന പരിപാടി. ബിജെപിയുടെ പ്രധാനപ്പെട്ട ഒരു നേതാവുമായി പ്ലാൻ ചെയ്ത് നടപ്പാക്കിയതാണ് ഈ കിറ്റ് വിതരണം. കാരണം അവിടെ മുസ്‌ലിം സമുദായം 20 ശതമാനമാണ്. ക്രൈസ്തവ സമുദായം 20 ശതമാനമാണ്. ഈ മുസ്‌ലിം-ക്രൈസ്തവ വോട്ടാണ് പ്രതാപന്റെ ഉന്നം. പക്ഷേ, കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതാപൻ ബിജെപിയുമായി ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടും സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ കൃത്യമായ ഇടപെടലും ഗൂഢാലോചനയുമൊക്കെ കോൺഗ്രസ് പ്രവർത്തകരുടെ കൈവശം രേഖകളായിട്ടുണ്ട്’, ഫിറോസ് പറഞ്ഞു.
'കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിന് വേണ്ടി പ്രതാപൻ നടത്തിയ ഇടപെടൽ എന്നുപറഞ്ഞാൽ നിസാര ഇടപാടല്ല. കോടാനുകോടി രൂപയുടെ ഇടപാടാണ്. സത്യം എന്റെ കണ്ണുകൊണ്ട് കണ്ടതാണ്. എട്ടുകോടി രൂപയാണ് നാട്ടികയിലും മണലൂരിലും സുരേഷ് ഗോപിയുടെയും ബിജെപിയുടെയും കയ്യിൽനിന്ന് പ്രതാപൻ കൈപ്പറ്റി വിതരണം ചെയ്തത്’.
ആരോപണം തള്ളി കോൺഗ്രസ്
അതേസമയം, പി കെ ഫിറോസിന്റെ ആരോപണങ്ങൾ കോൺഗ്രസ് തള്ളി, ഇത്തരം ഡീൽ ഉറപ്പിക്കലുകളൊന്നും നടന്നിട്ടില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തൃശ്ശൂരിലെ മണലൂർ. മുൻമന്ത്രി സി. രവീന്ദ്രനാഥാണ് എൽഡിഎഫ് സ്ഥാനാർഥി. കെ.കെ. അനീഷ്‌കുമാറാണ് എൻഡിഎയ്ക്കുവേണ്ടി മത്സരിക്കുന്നത്. പോളിങ്ങിന് മൂന്നുദിവസം അവശേഷിക്കവേയാണ് ഗുരുതര ആരോപണം ഉയർത്തി കോൺഗ്രസ് നേതാവ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.










