
സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമായി കാണാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ബലാത്സംഗം, പോക്സോ വകുപ്പുകൾ ചുമത്തിയതിനെതിരെ രണ്ട് യുവാക്കൾ സമർപ്പിച്ച ഹർജി പരിഹണിക്കവെയാണ് അലഹബാദ് ഹൈക്കോടതി ജഡ്ജി റാം മനോഹർ നാരായൺ മിശ്രയുടെ വിവാദ പരാമർശം. സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുകയോ പൈജാമയടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുകയോ ചെയ്തവർക്കെതിരെ ബലാത്സംഗ, ബലാത്സംഗശ്രമ കുറ്റങ്ങൾ ചുമത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ബലാത്സംഗ ശ്രമവും ബലാത്സംത്തിനുള്ള തയാറെടുപ്പും വ്യത്യസ്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം തെളിയിക്കാൻ വ്യക്തമായ തെളിവുകൾ ആവശ്യമാണെന്നും കോടതി പറഞ്ഞു. ബലാത്സംഗശ്രമം കുറ്റാരോപിതർക്കു മേൽ ചുമത്തണമെങ്കിൽ അവർ തയാറെടുപ്പുഘട്ടത്തിൽനിന്ന് മുന്നോട്ടു പോയെന്ന് വാദിഭാഗം തെളിയിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് നാരായൺ മിശ്ര ചൂണ്ടിക്കാട്ടി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പവൻ, ആകാശ് എന്നിവർക്കെതിരെ ബലാത്സംഗം, പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. 2021ലാണു സംഭവം നടന്നത്. ലിഫ്റ്റ് നൽകാമെന്നു പറഞ്ഞു പെൺകുട്ടിയെ വാഹനത്തിൽ കയറ്റിയ ഇരുവരും അവളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു പരാതി. സംഭവം നടന്ന സ്ഥലത്തുകൂടി പോയ ഒരാളാണു പെൺകുട്ടിയെ രക്ഷിച്ചതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ സമൻസ് അയച്ച കീഴ്കോടതി നടപടിയെ ചോദ്യം ചെയ്താണു യുവാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്.











