09:32am 23 September 2026
NEWS
കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ
24/09/2025  07:25 AM IST
nila
കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ പൊലീസ് ഇൻസ്പെക്ടർ പിടിയിൽ. തമിഴ്നാട്ടിലെ പാലക്കോട് വനിതാ പൊലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടർ വീരമ്മാളാണ് വിജിലൻസിന്റെ പിടിയിലായത്. ശൈശവ വിവാഹക്കേസ് ഒത്തുതീർപ്പാക്കാൻ അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങവെയാണ് ഇവരെ വിജിലൻസ് അറസ്റ്റ് ചെയ്തത്. കരിമംഗലം തുമ്പലഹള്ളി സ്വദേശി മങ്കമ്മാൾ നൽകിയ വിവരത്തെ തുടർന്നാണ് വിജിലൻസ് വീരമ്മാളിനെ പിടികൂടിയത്. 

മങ്കമ്മാളിന്റെ 16 വയസുള്ള മകൾ മേയ് മാസത്തിൽ സ്വന്തം ഇഷ്‌‌ടപ്രകാരം അതേ ഗ്രാമത്തിലെ യുവാവിനെ വിവാഹം കഴിച്ചിരുന്നു. യുവതി നാലു മാസം ഗർഭിണിയായതോടെ സമീപമുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ തുടർന്ന് സാമൂഹികക്ഷേമ വകുപ്പിനെ വിവരമറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഗർഭത്തെക്കുറിച്ച് സാമൂഹികക്ഷേമ ഓഫിസർ വീരമ്മാളിനെ അറിയിച്ചു.

മങ്കമ്മാളിന്റെ പരാതിപ്രകാരം വീരമ്മാൾ ഇരുകുടുംബങ്ങളെയും വിളിപ്പിക്കുകയും ശൈശവ വിവാഹത്തിന് കേസെടുക്കാതിരിക്കാൻ 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്‌തു. കൈക്കൂലി നൽകാൻ തയാറാകാതിരുന്ന മങ്കമ്മാൾ ഡയറക്‌ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്‌ക്ഷൻ ഡിഎസ്‌പി നാഗരാജുവിനെ സമീപിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം വീരമ്മാളിനെ തെളിവുസഹിതം പിടികൂടാൻ പദ്ധതി തയാറാക്കി. മങ്കമ്മാളിൽ നിന്ന് പണം വാങ്ങുന്നതിനിടെ വീരമ്മാളിനെ വിജിലൻസ് സംഘം പിടികൂടി. തുടർന്ന് വീരമ്മാളിന്റെ അറസ്‌റ്റു രേഖപ്പെടുത്തുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img