12:40am 18 January 2026
NEWS
നടിയെ കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ ആറു പ്രതികളുടെയും ശിക്ഷ വിധിച്ചു
12/12/2025  04:47 PM IST
nila
നടിയെ കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ ആറു പ്രതികളുടെയും ശിക്ഷ വിധിച്ചു

കൊച്ചി: നടിയെ കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിച്ചു. . ആറ് പ്രതികൾക്കും 20 വർഷം കഠിനതടവും അൻപതിനായിരം രൂപ പിഴയും ആണ് വിധിച്ചിരിക്കുന്നത്. ഒന്നുമുതൽ ആറുവരെയുള്ള പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർ കേസിൽ കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. 

ഐപിസി 376 ഡി പ്രകാരം കൂട്ടബലാത്സംഗത്തിന് പരമാവധി ശിക്ഷയായ 20 വര്‍ഷം തടവാണ് എല്ലാ പ്രതികൾക്കും ലഭിച്ചിരിക്കുന്നത്. വിചാരണ കാലത്തെ തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും. ആറ് പ്രതികളെയും വിയ്യൂർ ജയിലിലേക്ക് മാറ്റും.

ഇന്ന് രാവിലെ 11.30-ഓടെയാണ് എറണാകുളം സെഷൻസ് കോടതി നടപടികൾ ആരംഭിച്ചത്. ആറു പേരെയും നേരിട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. വാദത്തിനിടെ ചില പ്രതികൾ വികാരാധീനരായി കരഞ്ഞും കരുണ അഭ്യർത്ഥിച്ചും ജഡ്ജിയോട് അപേക്ഷിക്കുകയും ചെയ്തു.

കോടതി നടപടികളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കരുതെന്ന കാര്യത്തിൽ ജഡ്ജി ഹണി എം. വർഗീസ് കടുത്ത മുന്നറിയിപ്പും നൽകി. അഭിഭാഷകരോ മാധ്യമപ്രവർത്തകരോ കോടതി ക്രമത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടരുതെന്നും ജഡ്ജി വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യജീവിതത്തെ കുറിച്ച് അഭിപ്രായങ്ങൾ പറയാമെങ്കിലും കോടതി നടപടികളെ മോശമായി ചിത്രീകരിക്കുന്നതിനെ ഒരു വിധത്തിലും സഹിക്കില്ലെന്ന് ജഡ്ജി വ്യക്തമാക്കി.

കൂട്ടബലാത്സംഗം ഉൾപ്പെടെ ഗുരുതരമായ കുറ്റങ്ങൾ തെളിഞ്ഞ ഈ കേസിൽ ശിക്ഷയുടെ കാഠിന്യം സംബന്ധിച്ച വാദങ്ങളാണ് നടന്നത്. പ്രതികൾക്ക് പരമാവധി ശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img