
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് പുരോഗമിക്കുന്നു. ഇന്നലെ അർദ്ധരാത്രിമുതൽ ഇന്ന് അർദ്ധരാത്രി വരെയാണ് പൊതുപണിമുടക്ക്. ഐഎൻടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിസി, എൽപിഎഫ്, യുടിയുസി എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
പണിമുടക്കിനെ നേരിടാൻ സംസ്ഥാന സർക്കാർ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. ഇതനുസരിച്ച് മതിയായ കാരണമില്ലാതെ ഇന്ന് അവധിയെടുക്കുന്ന ജീവനക്കാരുടെ ശമ്പളം റദ്ദാക്കും. അടിയന്തര സാഹചര്യങ്ങളിലല്ലാതെ വകുപ്പു മേധാവികൾ അവധി അനുവദിക്കരുത്. ജീവനക്കാർക്കു സുരക്ഷിതമായി ഓഫിസിലെത്താനുള്ള സാഹചര്യം വകുപ്പു മേധാവികളും കലക്ടർമാരും ഉറപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുള്ള മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രസ്താവന ട്രേഡ് യൂണിയനുകൾ തള്ളി. പണിമുടക്ക് നോട്ടിസ് നേരത്തേ നൽകിയതാണെന്നും പറഞ്ഞു. കെഎസ്ഇബിയിലും കെഎസ്ആർടിസിയിലും ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.











