10:28pm 21 September 2026
NEWS
പ്രതീക്ഷകളെല്ലാം വിഫലം; കാണാതായ ആറുവയസുകാരന്റെ മൃതദേഹം കണ്ടെത്തി
28/12/2025  09:59 AM IST
nila
പ്രതീക്ഷകളെല്ലാം വിഫലം; കാണാതായ ആറുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. വീടിനുസമീപമുള്ള കുളത്തിൽ നിന്നാണ് ഇന്നു രാവിലെ സുഹാന്റെ മൃതഹേഹം കണ്ടെത്തിയത്. ചിറ്റൂർ  അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസിന്റെയും തൗഹിതയുടെയും മകനാണ് സുഹാൻ. ഇന്നലെ ഉച്ചയോടെ കാണാതായ സുഹാനായി പൊലീസും നാട്ടുകാരും 21 മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സുഹാനെ കാണാതായത്. ശനിയാഴ്ച രാത്രിവരെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച രാവിലെ തിരച്ചിൽ പുനഃരാരംഭിച്ചിരുന്നു. തുടർന്ന് 8.30 ഓടെയാണ് കുട്ടിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയത്.

സുഹൻറെ പിതാവ് മുഹമ്മദ് അനസ് ഗൾഫിലാണ്. അധ്യാപികയായ അമ്മ തൗഹിത ഈസമയം പാലക്കാട്ട് പോയിരിക്കുകയായിരുന്നു. വീട്ടിലെ സ്വീകരണമുറിയിലിരുന്ന് സുഹാനും എട്ടുവയസ്സുള്ള സഹോദരനും ടിവി കാണുകയായിരുന്നു. സുഹാന്റെ അമ്മയുടെ സഹോദരിയുടെ മക്കളും ഒപ്പമുണ്ടായിരുന്നു. ഈ സമയം മുത്തശ്ശി അടുക്കളയിൽ ജോലിചെയ്യുകയായിരുന്നു. കുറച്ചുകഴിഞ്ഞ് സുഹാനെ കാണാതായപ്പോൾ അന്വേഷിച്ചെങ്കിലും കണ്ടില്ല. വഴക്കുകൂടിയതിനെത്തുടർന്ന് പുറത്തിറങ്ങിപ്പോയതായി സഹോദരൻ പറഞ്ഞെന്ന് ബന്ധുക്കൾ പറയുന്നു. മുത്തശ്ശി സമീപത്തെ വീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, നാട്ടുകാരുമായിച്ചേർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാഞ്ഞതോടെ പോലീസിൽ പരാതിനൽകി.

ചിറ്റൂർ പോലീസും ഡോഗ് സ്‌ക്വാഡും സമീപത്തെ പറമ്പുകളിലും അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിൽ സമീപത്തെ കുളങ്ങളിലും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img