
ദോഹ:ലോകശാസ്ത്രവേദിയുടെ തിളക്കമാർന്ന സദസ്സിലേക്ക് ഇന്ത്യയുടെ, പ്രവാസി സമൂഹത്തിന്റെ,മലയാളിയുടെ അഭിമാനമായി ഒരു പതിനൊന്നുകാരി നടന്നു കയറുകയാണ്. ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയും വയനാട് മുട്ടിൽ കുട്ടമംഗലം സ്വദേശിനിയുമായ അലിമ ബിൻത് ഹാഷിർ എന്ന ആറാം ക്ലാസുകാരിയാണ് ആഗോള ശാസ്ത്രജ്ഞരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഈ വിസ്മയ നേട്ടം കൈവരിച്ചിരിക്കുന്നത്. മുതിർന്ന ഗവേഷകരുടെ പ്രബന്ധങ്ങളോട് മത്സരിച്ച്, കടുത്ത പരിശോധനകൾക്കൊടുവിലാണ് അലിമയുടെ പ്രബന്ധം അന്താരാഷ്ട്ര കോൺഫറൻസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
വീടുകളിലെയും ക്ലാസ് മുറികളിലെയും വായുവിനെ ശുദ്ധീകരിക്കാനും, അതിലൊളിഞ്ഞിരിക്കുന്ന മൈക്രോപ്ലാസ്റ്റിക് കണികകളെ കെണിവെച്ചു പിടിക്കാനും അലീമ തീർത്ത കൊച്ചുപരീക്ഷണം ഇന്ന് ആഗോള ശാസ്ത്രലോകത്തിന്റെ ഹൃദയം തൊട്ടിരിക്കുന്നു.
സാധാരണ പ്ലാസ്റ്റിക് ടിഫിൻ ബോക്‌സ്, കാർ എ.സി ഫിൽട്ടർ, പിന്നെ ഒരു കുഞ്ഞു ഡി.സി ഫാൻ ഈ നിസ്സാര സാധനങ്ങൾ കൂട്ടിയിണക്കി അലീമ ഉണ്ടാക്കിയെടുത്തത് വായുവിലെ മൈക്രോപ്ലാസ്റ്റിക് കണികകളെ കെണിവെച്ചു പിടിക്കുന്ന ഒരു ഒന്നാന്തരം എയർ ഫിൽട്ടർ.സ്കൂൾ മതിലുകൾക്കപ്പുറത്തേക്ക് ഈ കൊച്ചു പരീക്ഷണം വളർന്നത് വളരെ പെട്ടെന്നായിരുന്നു. യു.എസ് ആസ്ഥാനമായുള്ള കോർസി-റോസൻതാൽ ഫൗണ്ടേഷൻ തങ്ങളുടെ ഔദ്യോഗിക ലിങ്ക്ഡ്ഇൻ പേജിൽ അലിമയുടെ പ്രോജക്റ്റ് പങ്കുവെച്ചതോടെ അന്താരാഷ്ട്ര ശാസ്ത്രലോകം ഈ മിടുക്കിയെ നെഞ്ചേറ്റി. കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഡീൻ പ്രൊഫസർ റിച്ചാർഡ് കോർസി ഉൾപ്പെടെയുള്ള പ്രമുഖ ശാസ്ത്രജ്ഞർ നേരിട്ടെത്തി അഭിനന്ദിച്ചപ്പോൾ അതൊരു വലിയ നിയോഗത്തിന്റെ തുടക്കമാവുകയായിരുന്നു.
തുടർന്ന് അലിമയിലെ പ്രതിഭയെ ശാസ്ത്രീയമായി വികസിപ്പിക്കാൻ അന്താരാഷ്ട്ര ഗവേഷകർ തന്നെ മുന്നോട്ടുവന്നു. അയർലന്റിലെ യൂണിവേഴ്സിറ്റി കോളജ് കോർക്കിലെ റിസർച്ച് ഫെലോ ഡോ. അസിത് കുമാർ മിശ്ര, ഖത്തർ യൂണിവേഴ്സിറ്റിയിലെ മൈക്രോപ്ലാസ്റ്റിക്സ് ഗവേഷകൻ ഡോ. വീരസിംഗം സുബ്രമണ്യൻ എന്നിവരുടെ മാർഗനിർദേശത്തിൽഅലീമയുടെ പ്രോജക്റ്റ് ഒരു ഒന്നാന്തരം ശാസ്ത്രീയ റിസർച്ച് പേപ്പറായി മാറി.
മുതിർന്ന ശാസ്ത്രജ്ഞർ സമർപ്പിക്കുന്ന നൂറുകണക്കിന് പ്രബന്ധങ്ങളോട് മത്സരിച്ച്, കടുത്ത സ്ക്രീനിംഗുകൾ താണ്ടിയാണ് അലിമയുടെ പ്രബന്ധം സിംഗപ്പൂരിൽ അവതരിപ്പിക്കാനായി തിരഞ്ഞെടുക്കപ്പെട്ടത്. നാളെ മുതൽ 18 വരെ സിംഗപ്പൂർ മാനേജ്മെന്റ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ഇൻഡോർ എയർ ക്വാളിറ്റി ആൻഡ് ക്ലൈമറ്റ്' കോൺഫറൻസിൽ ഈ ആറാം ക്ലാസുകാരിതാരമാകും. ഡെന്മാർക്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പവൽ വാർഗോക്കിയുടെ നേതൃത്വത്തിൽ ലഭ്യമാകുന്ന ട്രാവൽ ഗ്രാന്റോടെ ഇന്നലെ അലിമ സിംഗപ്പൂരിലേക്ക് പറന്നു.
വയനാട് മുട്ടിൽ കുട്ടമംഗലം സ്വദേശിയും ഖത്തർ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനുമായ പി.കെ. ഹാഷിറിന്റെയും മുഹ്‌സിനയുടെയും മകളായ അലിമയുടെ ഈ വിജയം ഒരു വലിയ സന്ദേശമാണ്. ശാസ്ത്രം എന്നത് വമ്പൻ ലാബുകളിൽ മാത്രം ജനിക്കുന്ന ഒന്നല്ല, മറിച്ച് ചുറ്റുമുള്ള ലോകത്തെ നിരീക്ഷിച്ച് തൊട്ടടുത്തുള്ള ചെറിയ സാധനങ്ങളിൽ നിന്നുപോലും രൂപപ്പെടുത്തിയെടുക്കാവുന്ന ഒന്നാണെന്ന് ഈ കൊച്ചുമിടുക്കി തെളിയിക്കുന്നു










