
ഭൂമിയിലെത്തിയ അന്യഗ്രഹ ജീവികൾ 23 സൈനികരെ കല്ലുകളാക്കി മാറ്റിയെന്ന് അമേരിക്കൻ ചാരസംഘടനയുടെ രഹസ്യ രേഖ. ശീതയുദ്ധകാലത്ത് ഭൂമിയിലെത്തിയ ഭൂമിയിലെത്തിയ അന്യഗ്രഹ ജീവികൾ 23 സോവിയറ്റ് സൈനികരെ കല്ലാക്കി മാറ്റിയെന്നാണ് സിഐഎയുടെ രഹസ്യരേഖയിൽ പറയുന്നത്. 2000-ത്തിൽ പരസ്യമാക്കിയ സിഐഎയുടെ രഹസ്യരേഖ ഇപ്പോൾ സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ്.
സിഐഎ ഇക്കാര്യം അറിയുന്നത് സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷമാണത്രെ. ഈ രേഖ പ്രകാരം 1989-ലോ 1990-ലോ ആണ് വിചിത്രമായ സംഭവം നടന്നത്. ഇതേക്കുറിച്ച് വിശദീകരിക്കുന്ന റഷ്യൻ ചാരസംഘടനയായ കെജിബിയുടെ 250 പേജുള്ള രേഖ ഉദ്ധരിച്ച് ഹോളോസ് യുക്രൈനി എന്ന യുക്രൈനിയൻ പത്രത്തിലും കാനഡയിൽ നിന്നുള്ള വീക്ക്‌ലി വേൾഡ് ന്യൂസിലേയും റിപ്പോർട്ടുകളെ ആധാരമാക്കിയാണ് സിഐഎ രഹസ്യരേഖ തയ്യാറാക്കിയിരിക്കുന്നത്.
സൈബീരിയയിൽ എവിടെയോ വെച്ച് നടക്കുകയായിരുന്ന സൈനിക പരിശീലനത്തിനിടെയാണ് സംഭവമെന്ന് റഷ്യൻ ചാരസംഘടനയുടെ രേഖ പറയുന്നു. പരിശീലനത്തിനിടെ സോവിയറ്റ് സൈനികർ താഴ്ന്നുപറക്കുന്ന പറക്കുംതളിക കണ്ടു. ഉടൻ തന്നെ സൈനികർ സർഫസ്-ടു-എയർ മിസൈൽ അതിനുനേരെ പ്രയോഗിച്ചു. തകർന്നുവീണ പറക്കുംതളികയിൽ നിന്ന് അഞ്ച് ഉയരം കുറഞ്ഞ അന്യഗ്രഹജീവികളാണ് പുറത്തുവന്നത്. വലിയ തലയും വലിയ കറുത്ത കണ്ണുകളുമാണ് ഇവയ്ക്ക് ഉണ്ടായിരുന്നതെന്ന് രേഖയിൽ പറയുന്നു.
അഞ്ച് അന്യഗ്രഹജീവികളും ഒന്നിച്ച് ചേർന്ന് ഗോളാകൃതിയിലുള്ള ഒറ്റരൂപമായി മാറിയെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. ഗോളം തീവ്രമായി പ്രകാശിക്കാനും ശബ്ദം മുഴക്കാനും തുടങ്ങി. ആ നിമിഷം ഇതെല്ലാം കണ്ടുകൊണ്ടുനിൽക്കുകയായിരുന്ന 23 സൈനികർ കല്ലുകളായി മാറി. അന്യഗ്രഹജീവികളിൽ നിന്ന് വന്ന പ്രകാശത്തിൽ പെടാതിരുന്ന രണ്ട് സൈനികർ മാത്രമാണ് ഇതിൽ നിന്ന് രക്ഷപ്പെട്ടതെന്നും രഹസ്യ രേഖയിൽ പറയുന്നു.
കല്ലായി മാറിയ സൈനികരേയും തകർന്ന പറക്കുംതളികയേയും മോസ്‌കോയ്ക്ക് സമീപമുള്ള രഹസ്യ ഗവേഷണ കേന്ദ്രത്തിലേക്ക് പിന്നീട് മാറ്റി. അവിടെയുള്ള ശാസ്ത്രജ്ഞർ സൈനികരുടെ ശരീരം ചുണ്ണാമ്പുകല്ലുകളായാണ് മാറിയതെന്ന് കണ്ടെത്തിയെന്നും സിഐഎ രേഖയിൽ പറയുന്നു. കെജിബിയുടെ രേഖയിൽ ദൃക്‌സാക്ഷികൾ പറഞ്ഞതനുസരിച്ചുള്ള അന്യഗ്രഹജീവികളുടെ ചിത്രങ്ങൾ ഉൾപ്പെടെ ഉണ്ടെന്നും സിഐഎ രേഖയിൽ പറയുന്നു.
അതേസമയം സിഐഎ രേഖയിലെ വിചിത്രമായ സംഭവത്തെ പല വിദഗ്ധരും സംശയത്തോടെയാണ് നോക്കിക്കാണുന്നത്. സംഭവത്തിന്റെ ആധികാരികതയെ കുറിച്ച് തനിക്ക് സംശയമുണ്ടെന്ന് മുൻ സിഐഎ ഏജന്റായ മൈക്ക് ബേക്കർ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.











