
ഭൂമിയെ ലക്ഷ്യമാക്കി അന്യഗ്രഹ ജീവികളുടെ പേടകം വരുന്നു എന്ന് ഗവേഷകർ. ഹാർവാർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഭൂമിയെ ലക്ഷ്യമാക്കി അതിവേഗം സഞ്ചരിക്കുന്ന ബഹിരാകാശ വസ്തു ഒരു അന്യഗ്രഹ പേടകമാകാം എന്ന് അനുമാനിക്കുന്നത്. ഭൂമിയെ കുറിച്ച് പഠിക്കാൻ അന്യഗ്രഹ ജീവികൾ അയച്ച പേടകമാകാം എന്നാണ് ഗവേഷകർ ഇതിനെ പറ്റി പറയുന്നത്. 31/അറ്റ്ലസ് എന്നാണ് നിലവിൽ ഈ അജ്ഞാത വസ്തുവിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്.
20 കിലോമീറ്റർ വീതിയുള്ള വസ്തുവാണ് 31/അറ്റ്ലസ്. 2025 ഡിസംബർ 19 ന് ഭൂമിയുടെ ഏകദേശം 2.7 കോടി കിലോമീറ്റർ അകലത്തിൽ ഇതെത്തും എന്നാണ് കണക്കാക്കുന്നത്. അതിവേഗമാണ് ഈ വസ്തു സൗരയൂഥത്തിലൂടെ സഞ്ചരിക്കുന്നത്.
ഹാർവാർഡ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ അവി ലേയേബിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് 31/ അറ്റ്ലസിനെ കുറിച്ചുള്ള ആരെയും അമ്പരപ്പിക്കുന്ന സിദ്ധാന്തങ്ങൾ മുന്നോട്ടുവെക്കുന്നത്. ഈ വസ്തുവിന്റെ വലിപ്പത്തിലും സഞ്ചാരഗതിയിലും മറ്റും അസ്വാഭാവികതകളുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. ഭൂമിയെ നിരീക്ഷിക്കാനോ മാപ്പിങ് ചെയ്യാനോ ഉള്ള ദൗത്യമായിരിക്കാമെന്നും അവർ സംശയിക്കുന്നു.











