
വിവാദമായ ‘റിമോട്ട് വ്യൂയിങ്’ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പർവതനിരകൾക്ക് അടിയിലായി അന്യഗ്രഹജീവികളുടെ രഹസ്യ താവളങ്ങൾ കണ്ടെത്തിയെന്ന അവകാശവാദവുമായി മുൻ യുഎസ് സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ലിൻ ബുക്കാനൻ. ‘അമേരിക്കൻ ആൽക്കെമി’ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.
അലാസ്കയിലെ മൗണ്ട് ഹെയ്സ്, ഓസ്‌ട്രേലിയയിലെ മൗണ്ട് സീൽ, സിംബാബ്‌വെയിലെ മൗണ്ട് ന്യായൻഗാനി, സ്പെയിൻ–ഫ്രാൻസ് അതിർത്തിയിലെ പിരണീസ് പർവതനിരകൾ എന്നിവിടങ്ങളിലായി നാല് ഭൂഗർഭ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ബുക്കാനന്റെ വാദം. 1973-ൽ റിമോട്ട് വ്യൂവർ പാറ്റ് പ്രൈസ് ആദ്യമായി ഈ സ്ഥലങ്ങൾ തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ശീതയുദ്ധകാലത്ത് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ വിവാദ ‘സ്റ്റാർഗേറ്റ്’ പദ്ധതിയുടെ ഭാഗമായാണ് താൻ പ്രവർത്തിച്ചതെന്ന് ബുക്കാനൻ വ്യക്തമാക്കി. നേരിട്ട് സന്ദർശിക്കാതെ ഒരു സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലൂടെ ശേഖരിക്കാമെന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ് റിമോട്ട് വ്യൂയിങ്.
ബുക്കാനന്റെ വിവരണം പ്രകാരം, മൗണ്ട് ഹെയ്സിന് താഴെയുള്ള കേന്ദ്രം ഭൂമിയിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായാണ് ഉപയോഗിക്കുന്നത്. ഓസ്‌ട്രേലിയയിലെ മൗണ്ട് സീൽ അന്യഗ്രഹ വാഹനങ്ങളുടെ ഗതാഗത-പരിപാലന കേന്ദ്രമാണെന്നും, അവിടെ ഒന്നിലധികം നിലകളും അറ്റകുറ്റപ്പണി സൗകര്യങ്ങളും ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സിംബാബ്‌വെയിലെ കേന്ദ്രം അന്യഗ്രഹ സാങ്കേതികവിദ്യയുടെ അറ്റകുറ്റപ്പണികൾക്കായി പ്രവർത്തിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന യാതൊരു തെളിവും ബുക്കാനൻ പുറത്തുവിട്ടിട്ടില്ല. പിരണീസ് മേഖലയിലെ താവളത്തെക്കുറിച്ച് താൻ നേരിട്ട് റിമോട്ട് വ്യൂയിങ് നടത്തിയിട്ടില്ലെന്നും അദ്ദേഹം സമ്മതിച്ചു.
അതേസമയം, സ്റ്റാർഗേറ്റ് പദ്ധതിയിലൂടെയോ പിന്നീട് നടന്ന അന്വേഷണങ്ങളിലൂടെയോ അന്യഗ്രഹ താവളങ്ങളുടെ നിലനിൽപ്പിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വിശ്വസനീയമായ രഹസ്യവിവരങ്ങൾ ലഭിക്കാത്തതിനാൽ യുഎസ് സർക്കാർ 1995-ൽ സ്റ്റാർഗേറ്റ് പദ്ധതി അവസാനിപ്പിച്ചിരുന്നു. റിമോട്ട് വ്യൂയിങ് സംബന്ധിച്ച വാദങ്ങൾക്ക് ശാസ്ത്രീയ അടിത്തറയില്ലെന്ന വിമർശനവും വർഷങ്ങളായി നിലനിൽക്കുന്നു.











