സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിനുള്ളിൽ മദ്യവും ഗർഭനിരോധന ഉറകളും

സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിനുള്ളിൽ നിന്നും മദ്യവും ഗർഭനിരോധന ഉറകളും കണ്ടെത്തി. ഗുജറാത്തിലെ വിവിധ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് അധികൃതർ ഞെട്ടിപ്പോയത്. സിഗരറ്റ് പാക്കറ്റുകൾ, വേപ്പ്സുകൾ, മദ്യം, കോണ്ടം, ബ്ലേഡുകൾ എന്നിവയും വിദ്യാർത്ഥികളുടെ ബാഗിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
അഹമ്മദാബാദിലെ സെവൺത്ത് ഡേ അഡ്വെന്റിസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുട്ടി മരിച്ചതോടെ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികളെ നിരീക്ഷിക്കാനായി സ്‌കൂൾ അധികൃതർ പലതരത്തിലുളള നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിക്കാനായി അധ്യാപകർ തീരുമാനിച്ചത്.
അതേസമയം, വിഷയം രക്ഷിതാക്കളുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ വിചിത്രമായ പ്രതികരണമാണുണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്. ഇതെല്ലാം കുട്ടികൾ വളരുന്നതിന്റെ ഭാഗമായി കണ്ടാൽ മതിയെന്ന് ചില രക്ഷിതാക്കൾ പറഞ്ഞെന്നാണ് റിപ്പോർട്ട്. മക്കളെ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ലെന്ന് ചില രക്ഷിതാക്കൾ പറഞ്ഞെന്നും സ്കൂൾ അധികൃതർ പറയുന്നു.











