03:28am 29 July 2026
NEWS
ഡിആർഡിഒയുടെ 31 ജിബി ഡാറ്റ ഡാർക്ക് വെബിൽ വിൽപനയ്ക്കെന്ന് റിപ്പോർട്ട്; ദേശീയ സുരക്ഷയിൽ ആശങ്ക
27/07/2026  07:27 PM IST
nila
ഡിആർഡിഒയുടെ 31 ജിബി ഡാറ്റ ഡാർക്ക് വെബിൽ വിൽപനയ്ക്കെന്ന് റിപ്പോർട്ട്; ദേശീയ സുരക്ഷയിൽ ആശങ്ക

ന്യൂഡൽഹി: പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) 31 ജിബി ഡാറ്റ ഡാർക്ക് വെബിൽ വിൽപനയ്ക്കായി പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. തിരുവനന്തപുരം ആസ്ഥാനമായുള്ള ആലിബൈ സൈബർ ഫോറൻസിക് സ്ഥാപനമാണ് ഡാർക്ക് വെബ് നിരീക്ഷണത്തിനിടെ ഈ വിവരങ്ങൾ കണ്ടെത്തിയതെന്ന് അറിയിച്ചത്.

പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട രഹസ്യരേഖകളും മിസൈൽ സംവിധാനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ഉൾപ്പെടെ നിരവധി ഫയലുകൾ വിൽപനയ്ക്കുണ്ടെന്നാണ് അവകാശവാദം. ഡാറ്റയ്ക്ക് 8,000 യുഎസ് ഡോളറാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പുറത്തുവിട്ട സാമ്പിൾ രേഖകളിൽ ഡിആർഡിഒ ശാസ്ത്രജ്ഞരുടെ ഒപ്പുകളും 'റെസ്ട്രിക്റ്റഡ്' എന്ന അടയാളവുമുള്ള രേഖകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

എന്നാൽ, ഈ രേഖകൾ യഥാർത്ഥത്തിൽ ഡിആർഡിഒയുടേതാണോയെന്നും അവയുടെ ആധികാരികത എന്താണെന്നും കേന്ദ്ര സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഡാറ്റ സൈബർ ആക്രമണത്തിലൂടെയാണോ ചോർന്നതെന്നും അതോ മറ്റേതെങ്കിലും മാർഗത്തിലൂടെയാണോ പുറത്തായതെന്നും വ്യക്തമല്ല.

ഡാർക്ക് വെബിലെ വിൽപന പരസ്യം കഴിഞ്ഞ രണ്ടാഴ്ചയായി സജീവമാണെന്നാണ് വിവരം. ദേശീയ സുരക്ഷയെ ബാധിക്കാവുന്ന വിഷയമായതിനാൽ സംഭവത്തിൽ അടിയന്തര ഡിജിറ്റൽ ഫോറൻസിക് പരിശോധനയും സമഗ്ര അന്വേഷണവും നടത്തണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ ആവശ്യപ്പെടുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. രേഖകളുടെ ആധികാരികതയും ഡാറ്റ ചോർച്ചയുടെ യഥാർത്ഥ സാഹചര്യങ്ങളും സ്ഥിരീകരിച്ച ശേഷമേ സംഭവത്തിന്റെ ഗൗരവം വ്യക്തതയാകൂ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img