06:55pm 06 September 2026
NEWS
പണയ സ്വർണത്തിൽ തട്ടിപ്പ് നടത്തിയ ആലപ്പുഴയിലെ യുവതികൾ പിടിയിലായത് ഇങ്ങനെ

29/01/2025  10:34 AM IST
nila
പണയ സ്വർണത്തിൽ തട്ടിപ്പ് നടത്തിയ ആലപ്പുഴയിലെ യുവതികൾ പിടിയിലായത് ഇങ്ങനെ

പണയ സ്വർണത്തിൽ തട്ടിപ്പ് നടത്തിയ ആലപ്പുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളും സഹായിയും കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഇവരുടെ തട്ടിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പുറക്കാട് ശാഖയിലെ ജീവനക്കാരികളായ പുറക്കാട് പഞ്ചായത്ത് 17-ാം വാർഡിൽ ഇല്ല്യാസ് പറമ്പ് വീട്ടിൽ ബിന്ദു (48), പുറക്കാട് പഞ്ചായത്ത് 15-ാം വാർഡിൽ കാരിക്കാപറമ്പ് വീട്ടിൽ സുൽഫിയ ഹസ്സൻ (37) എന്നിവരും ഇവരുടെ സുഹൃത്ത് 15-ാം വാർഡിൽ മൂരിപ്പാറ വീട്ടിൽ മായ (44)യുമാണ് അറസ്റ്റിലായത്. സ്ഥാപനത്തിൽ അപ്രതീക്ഷിത ഓഡിറ്റിന് ഉദ്യോ​ഗസ്ഥരെത്തിയതോടെയാണ് യുവതികൾ കുടുങ്ങിയത്. 

 പണയ സ്വർണത്തിൽ തിരിമറി നടത്തി 14 ലക്ഷത്തിൽ പരം രൂപ തട്ടിപ്പാണ് സംഘം നടത്തിയത്. സ്ഥാപനത്തിന്റെ പരാതിയെ തുടർന്ന് അമ്പലപ്പുഴ പൊലീസാണ് പ്രതികളെ പിടികൂടിയത്. സ്ഥാപനത്തിലെ ജീവനക്കാരികൾ മായയുടെ സഹായത്താൽ പലരുടെ പേരിലായി 23 പവനോളം സ്വർണം പലപ്പോഴായി പണയം വെച്ച് 14 ലക്ഷത്തോളം രൂപ എടുത്ത ശേഷം ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം എടുത്ത് വിൽക്കുകയുമായിരുന്നു. എല്ലാ മാസവും 15 ദിവസം കഴിയുമ്പോൾ ഓഡിറ്റ് നടത്തുന്ന ബാങ്കിൽ ജനുവരി 11 ന് നടത്തിയ ഓഡിറ്റിൽ സീൽ ചെയ്തു സൂക്ഷിച്ചിരുന്ന സ്വർണത്തിൽ നിന്നും 9 പാക്കറ്റ് സ്വർണമാണ് പ്രതികൾ ചേർന്ന് ലോക്കറിൽ നിന്നും എടുത്തു കൊണ്ട് പോയി തിരിമറി നടത്തിയത്. 22 ന് സർപ്രൈസ് ഓഡിറ്റിന് ഓഡിറ്ററും, അപ്രൈസറും എത്തിയ സമയം ബാങ്കിന്റെ ചാർജ്ജ് ഉണ്ടായിരുന്ന ഒന്നാം പ്രതി ലോക്കറിന്റെ താക്കോൽ നൽകാതെ മുങ്ങുകയായിരുന്നു.

ആ സമയത്ത് പണമിടപാട് സ്ഥാപനത്തിലെത്തിയ ഓഡിറ്റർക്ക് ആദ്യം സംശയമൊന്നും തോന്നാത്തത് കാരണം പരാതി ഒന്നും നൽകിയില്ല. തുടർന്ന് ഒന്നാം പ്രതിയായ ബിന്ദുവിനെ കാണാനില്ലെന്ന മകളുടെ പരാതിയിൽ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ സ്വർണ പണയം പരിശോധിക്കുകയും സ്വർണ പാക്കറ്റിന്റെ അളവിൽ കുറവ് കണ്ടെത്തുകയും ചെയ്തു. കൂടാതെ ക്യാഷ് ചെസ്റ്റിൽ സൂക്ഷിച്ചിരുന്ന 50,000 ത്തോളം രൂപയും നഷ്ടപ്പെട്ടതായി മനസ്സിലാക്കി. തുടർന്നാണ് തട്ടിപ്പ് സംബന്ധിച്ചു പരാതി അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ തൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോടുള്ള പുതിയാപ്പ എന്ന സ്ഥലത്ത് നിന്നും ബിന്ദുവിനെ കണ്ടെത്തുകയും സ്റ്റേഷനിൽ കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തതിൽ മറ്റു രണ്ടു പ്രതികളുടെ പങ്ക് കൂടി വ്യക്തമാകുകയും ചെയ്തു. തുടർന്ന് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്ത് അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

പ്രതികളെ കൊട്ടാരക്കര സബ്ബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. അമ്പലപ്പുഴ ഡി വൈ എസ്‌ പി കെ എൻ രാജേഷ്, അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ് കുമാർ എം, ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർമാരായ മധു വി, ഷാജി എ എൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനൂപ് കുമാർ, വിഷ്ണു ജി, ജോസഫ് ജോയ് വി, വനിതാ സിവിൽ പൊലീസ് ഓഫിസർ ഗാർഗി എം എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.