10:02pm 08 September 2026
NEWS
​​ഗർഭിണിയായ കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തിയ മലപ്പുറം സ്വദേശിക്ക് തൂക്കുകയർ
24/11/2025  01:20 PM IST
nila
​​ഗർഭിണിയായ കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തിയ മലപ്പുറം സ്വദേശിക്ക് തൂക്കുകയർ

​​ഗർഭിണിയായ കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ.  മലപ്പുറം നിലമ്പൂർ മുതുകോട് പൂക്കോടൻ വീട്ടിൽ പ്രബീഷി (37) നാണ് കോടതി വധശിക്ഷ വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതാ ശശിധരനെ (32) കൊലപ്പെടുത്തിയ കേസിലാണ് വിധി. പ്രബീഷിന്റെ മറ്റൊരു കാമുകി കൈനകരി പഞ്ചായത്ത് 10-ാം വാർഡിൽ തോട്ടുവാത്തല പടിഞ്ഞാറു പതിശ്ശേരി വീട്ടിൽ രജനി (38) യാണ് രണ്ടാം പ്രതി.

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേർന്നാണ് കൊലപ്പെടുത്തിയത്. പള്ളാത്തുരുത്തിക്ക് സമീപം ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവമാണ് അന്വേഷണത്തിൽ അരും കൊലയെന്ന് തെളിഞ്ഞത്. 2021 ജൂലായ് ഒൻപതിനാണ് സംഭവം. വിവാഹിതനായ പ്രബീഷ് ഒരേ സമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു. അനിത ഗർഭിണിയായതിന് പിന്നാലെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പാലക്കാട് ആലത്തൂരിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ ജൂലായ് ഒൻപതാം തീയതി ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ അനിതയെ ഓട്ടോയിൽ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചു. ശേഷം അനിതയെ പ്രബീഷ് കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി.

നിലവിളി പുറത്തേക്ക് കേൾക്കാതിരിക്കാൻ രജനി വായും മൂക്കും അമർത്തിപ്പിടിച്ചു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടു എന്നു കരുതി ഇരുവരും ചേർന്നു പൂക്കൈത ആറ്റിൽ ഉപേക്ഷിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. കേസ് വേഗത്തിൽ അന്വേഷിച്ച് തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ വേളയിൽ 82 സാക്ഷികളെ വിസ്തരിച്ചു. രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പ്രതികൾ കുറ്റക്കാരാണെന്ന് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് കണ്ടെത്തി.

രജനിയുടെ വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. മയക്കുമരുന്നു കേസിൽ ഒഡിഷയിൽ ജയിലുള്ള രജനിയെ നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രബീഷ് തവനൂർ സെൻട്രൽ ജയിലിലാണ്. അഡീഷണൽ ഗവൺമെന്റ് പ്ലീഡർ എൻ.ബി. ഷാരിയാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img