
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവു കേസിൽ മോഡലും റിയാലിറ്റി ഷോ അവതാരകനും കുടുങ്ങുമെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ചാനൽ റിയാലിറ്റി ഷോ അവതാരകനും യുവതിയായ മോഡലിനും എക്സൈസ് സംഘം നോട്ടീസ് നൽകി. കൊച്ചിയിൽ താമസിക്കുന്ന പാലക്കാട് സ്വദേശിനിയായ യുവതിയാണ് എക്സൈസിന്റെ അന്വേഷണ പരിധിയിലുള്ള മോഡൽ.
നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെയും തിങ്കളാഴ്ച്ച ചോദ്യം ചെയ്യും. ഇവർ നാലുപേരെ കൂടാതെ സിനിമ മേഖലയിലെ അണിയറപ്രവർത്തകനും എക്സൈസ് സംഘത്തിന്റെ അന്വേഷണ പരിധിയിലാണ്. ഇയാളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ എക്സൈസ് സംഘം നിർദ്ദേശിച്ചിട്ടുണ്ട്.
ഹൈബ്രിഡ് കഞ്ചാവു കേസിലെ ഒന്നാംപ്രതി തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന), റിയാലിറ്റി ഷോ അവതാരകനുമായി പണമിടപാടു നടത്തിയതായി എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ഈ അന്വേഷണമാണ് മോഡലിലേക്കും നീണ്ടത്. ഇവർക്ക് സിനിമ മേഖലയിലും ബന്ധമുണ്ട്. ഇത് പെൺവാണിഭ ഇടപാടുകളാണെന്നു സംശയിക്കുന്നു. മോഡൽ മുഖേനേ പല പെൺകുട്ടികളെയും തസ്‌ലിമ പ്രമുഖർക്ക് എത്തിച്ചുകൊടുത്തതായാണു അന്വേഷണ സംഘം സംശയിക്കുന്നത്.
തസ്‌ലിമയുടെ ഫോണിൽ പ്രൊഡ്യൂസർ എന്ന രീതിയിൽ പലരുടെയും പേരുണ്ട്. ഇതു പരിശോധിച്ചപ്പോൾ സിനിമ മേഖലയിലെ മറ്റൊരാൾക്കും തസ്‌ലിമയുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തി. ഇതും പെൺവാണിഭ ഇടപാടാണെന്നു സംശയിക്കുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ പ്രതികളെ വ്യാഴാഴ്ച വൈകീട്ട് ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
കഞ്ചാവു കേസിൽ അറസ്റ്റിലായ തസ്‌ലിമയുടെ ഭർത്താവും മുഖ്യപ്രതിയുമായ സുൽത്താൻ അക്ബർ അലി തമിഴ്നാട് പോലീസടക്കമുള്ള സേനകളിലും മറ്റു മേഖലകളിലും ഉന്നത ബന്ധമുള്ള ആളാണെന്ന് എക്സൈസ് കണ്ടെത്തി. തമിഴ്നാട് പോലീസിലെ ഒരുന്നത ഉദ്യോഗസ്ഥൻ ഇദ്ദേഹത്തിന്റെ അടുത്തബന്ധുവാണെന്നു പറയുന്നു. വലിയ രീതിയിൽ സ്വർണക്കള്ളക്കടത്തു നടത്തുന്നയാളാണു സുൽത്താനെന്നും എക്സൈസിനു വിവരമുണ്ട്. എന്നാൽ, ഇയാൾക്ക് ബാങ്ക് അക്കൗണ്ട് ഇല്ല. ഇടപാടുകൾ നേരിട്ടു നടത്താറുമില്ല.
തമിഴ്നാട്ടിലെ ചില വിമാനത്താവളങ്ങളിലെ സേനകളിലെയും മറ്റു വിഭാഗങ്ങളിലെയും ജീവനക്കാരുടെ ജോലിയും സമയക്രമവും ഉൾപ്പെടെ വിശദമായ വിവരം ഇയാളുടെ ഫോണിലുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തിലും സ്വാധീനമുണ്ടെന്നാണ് അറിയുന്നത്. അഞ്ചിലധികം മൊബൈൽ ഫോണും അതിലേറെ സിം കാർഡും ഉപയോഗിക്കുന്നുണ്ട്.
രക്ഷപ്പെടാൻ സഹായിച്ചാൽ കോടികൾ നൽകാമെന്ന് ആലപ്പുഴയിലേക്കു കൊണ്ടുവരുന്ന വഴി ഇയാൾ എക്സൈസ് ഉദ്യോഗസ്ഥർക്കു വാഗ്ദാനം നൽകിയതായി പറയുന്നു. പിന്നിൽ വമ്പൻമാരുണ്ടെന്നാണ് എക്സൈസ് നിഗമനം. സ്വർണക്കടത്തും വിദേശബന്ധങ്ങളും എക്സൈസിന്റെ അന്വേഷണ പരിധിയിലല്ല. അതിനാൽ, അത്തരം കാര്യങ്ങളുടെ അന്വേഷണം മറ്റ് ഏജൻസികൾ ഏറ്റെടുക്കേണ്ടിവരും.
അഞ്ചു രുചികളിലെ ഹൈബ്രിഡ് കഞ്ചാവാണ് തസ്ലീമയും സംഘവും ആലപ്പുഴയിൽ എത്തിച്ചത്. ഒരു കിലോവീതമുള്ള മൂന്നു പാക്കറ്റുകളിലായിരുന്നു കഞ്ചാവ് എത്തിച്ചത്. സിനിമ മേഖലയിലുള്ളവർക്കായാണ് ഈ കഞ്ചാവ് എത്തിച്ചതെന്ന പ്രാഥമിക നിഗമനം ശരിവെക്കുന്ന നിലയിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.











