02:05pm 04 August 2026
NEWS
ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടേത് പ്രൊമോഷന്‍ ട്രാന്‍സ്ഫറെന്ന് മന്ത്രി

31/12/2024  05:08 PM IST
nila
ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടേത് പ്രൊമോഷന്‍ ട്രാന്‍സ്ഫറെന്ന് മന്ത്രി

ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടേത് പ്രൊമോഷൻ ട്രാൻസ്ഫറെന്ന് മന്ത്രി എം ബി രാജേഷ്. ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ. ജയരാജിനെ സ്ഥലം മാറ്റിയത് വിവാദമായതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. 15 പേർക്ക് ഡെപ്യൂട്ടി കമ്മീഷണർമാരായും 23 പേർക്ക് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുമായുമുള്ള പ്രൊമോഷൻ ട്രാൻസ്ഫറാണ് നടന്നതെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. അതിൽ ഒരെണ്ണം മാത്രം ഉയർത്തിക്കാട്ടിയത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. മര്യാദയില്ലാത്ത മാധ്യമപ്രവർത്തനമാണ് നടക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

'വകുപ്പ് സ്ഥാനക്കയറ്റ കമ്മിറ്റി (ഡിപിസി) കൂടാൻ വൈകിയതുകൊണ്ടാണ് ട്രാൻസ്ഫർ നീണ്ടുപോയത്. അല്ലെങ്കിൽ നേരത്തെ നടക്കുമായിരുന്നു. ഈ കലണ്ടർ വർഷം നടക്കേണ്ടതാണ്. അല്ലെങ്കിൽ വീണ്ടും ഡിപിസിയിലേക്ക് പോകും. അത് ഒഴിവാക്കാനാണ് ഇന്നലെതന്നെ ഉത്തരവ് ഇറക്കിയത്. ഇതിനെ മറച്ചുവെച്ചുകൊണ്ടാണ് വാർത്ത വന്നത്. കണ്ടാൽതോന്നും ഒരൊറ്റ ആളെ മാത്രമാണ് ട്രാൻസ്ഫർ ചെയ്തതെന്ന്. വേറെ ഒരു തരത്തിലും രാഷ്ട്രീയം ആരോപിക്കാനോ ഭരണപരമായ ഇടപെടൽ ആരോപിക്കാനോ കഴിയാതെ വന്നപ്പോൾ എന്നാൽപിന്നെ ഇതെടുത്തിട്ടാവാം എന്ന് തീരുമാനിക്കുകയാണ് മാധ്യമപ്രവർത്തകർ ചെയ്തത്. ഇതിന് പിന്നിലുള്ള ദുരുദ്ദേശ്യമാണ് വ്യക്തമാകുന്നത്.' -എം.ബി രാജേഷ് വ്യക്തമാക്കി.

സർവീസിൽനിന്ന് വിരമിക്കാൻ അഞ്ചുമാസം മാത്രം ശേഷിക്കെ മലപ്പുറത്തേക്കാണ് പി.കെ ജയരാജിനെ സ്ഥലം മാറ്റിയത്. കൊല്ലം സ്വദേശിയായ ഇദ്ദേഹം ആലപ്പുഴ ഡെപ്യൂട്ടി കമ്മിഷണറായി ചുമതലയേറ്റെടുത്ത് മൂന്നുമാസം തികയുംമുൻപാണ് ഈ നടപടി. സാധാരണഗതിയിൽ വിരമിക്കുന്നതിന്റെ അടുത്ത കാലയളവിൽ സ്വന്തം സ്ഥലത്തേക്കാണ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ലഭിക്കാറുള്ളത്. ആലപ്പുഴയുടെ തെക്കൻ മേഖലയിൽ ചിലർ ബിനാമി പേരിൽ കള്ളുഷാപ്പുകൾ നടത്തുകയും സ്പിരിറ്റ് ജില്ലയിലേക്ക് ഒഴുക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ കർശന നടപടി സ്വീകരിച്ചതോടെ ഡെപ്യൂട്ടി കമ്മിഷണർ ഉന്നതരുടെ കണ്ണിലെ കരടായി മാറി. അതിനു പിന്നാലെയാണ് യു. പ്രതിഭ എം.എൽ.എ.യുടെ മകനെയും സുഹൃത്തുക്കളെയും കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി കേസെടുത്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img