
പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ.
ഡിവൈഎഫ്ഐ വൈക്കം ടിവി പുരം നോർത്ത് മേഖലാ കമ്മിറ്റി അംഗം വൈക്കം ടിവി പുരം ചെമ്മനത്തുകര നെടിയത്ത് വീട്ടിൽ എൻ.എ.അരുണാണ് (35) അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഉൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് പ്രചരിപ്പിക്കുന്ന സംഘത്തിൽപെട്ട ആളാണ് അറസ്റ്റിലായ അരുൺ. ഹരിപ്പാട് സ്വദേശികളായ എട്ടുപേർ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്നും എടുക്കുന്ന ഫോട്ടോകളാണ് ഇയാൾ മോർഫ് ചെയ്ത് നഗ്നഫോട്ടോയാക്കി പ്രചരിപ്പിച്ചത്. വീട്ടമ്മമാരുടെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും ഫോട്ടോ ഇത്തരത്തിൽ പ്രചരിപ്പിച്ചു. സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് അരുൺ കുടുങ്ങിയത്.
10 മുതൽ 15 പേർ വരെയുള്ള ഫെയ്സ് ബുക്ക് ഗ്രൂപ്പുണ്ടാക്കിയാണ് ഇയാൾ ഇത്തരം ഫോട്ടോകൾ പ്രചരിപ്പിച്ചത്. അരുൺ 2020 മുതൽ നഗ്നഫോട്ടോകൾ പ്രചരിപ്പിച്ചതായി പൊലീസ് കണ്ടെത്തി. ഇയാളുടെ ഫോണിൽ ആയിരത്തിലധികം മോർഫ് ചെയ്ത ഫോട്ടോകളും വിഡിയോകളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ വീട് വളഞ്ഞ് പിടികൂടുന്നതിനു ഒരു മണിക്കൂർ മുൻപ് വരെ ഇയാൾ ഇത്തരം ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി.
വൈക്കത്ത് സ്റ്റേഷനറി കടയിൽ സെയിൽസ് മാനേജരാണ് അരുൺ. എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്ഐമാരായ ഷൈജ, അനന്തു, സിപിഒമാരായ സുരേഷ്, എ. നിഷാദ്, സജാദ്, പ്രദീപ് ഉണ്ണിക്കൃഷ്ണൻ എന്നിവരും ആലപ്പുഴയിലെ സൈബർ പൊലീസ് ടീമുമാണ് അന്വേഷണം നടത്തിയത്.











