
വി ഡി സവർക്കറെ വാഴ്ത്തി സിപിഐ നേതാവ്. ആലപ്പുഴ ജില്ലയിലെ വെൺമണി ലോക്കൽ സെക്രട്ടറി ഷുഹൈബ് മുഹമ്മദാണ് സവർക്കറെ വാഴ്ത്തിയത്. വാട്സ്ആപ്പ് ഗ്രൂപ്പ് ചർച്ചക്കിടെയായിരുന്നു ഷുഹൈബ് മുഹമ്മദ് വി.ഡി.സവർക്കറെ പുകഴ്ത്തിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വി.ഡി.സവർക്കർ നടത്തിയത് ധീരമായ പോരാട്ടമായിരുന്നു എന്നായിരുന്നു സി.പി.ഐ ലോക്കൽ സെക്രട്ടറിയുടെ ശബ്ദസന്ദേശം. സംഭവം വിവാദമായതിന് പിന്നാലെ ഷുഹൈബ് മുഹമ്മദിനെ പാർട്ടിയിൽ നിന്നും പുറത്താക്കി.
'ചരിത്ര വിദ്യാർത്ഥികൾക്കൊന്നും ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സവർക്കറുടെ പോരാട്ടത്തെയൊന്നും കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല. സവർക്കർ അനുഭവിച്ച ത്യാഗം വലിയ കോൺഗ്രസ് നേതാക്കൾ പോലും അനുഭവിച്ചിട്ടില്ല. ഇതിന്റെ പേരിൽ നിങ്ങളെന്നെ ബിജെപിയാക്കിയാലും കുഴപ്പമൊന്നുമില്ല. ജയിലിൽ കിടന്ന് പീഠത്തിൽകെട്ടിയുള്ള അടി, ഇടി, തൊഴിയെല്ലാം കൊണ്ടിട്ട് അവിടുത്തെ ജയിലറയ്ക്കുള്ളിൽ കിടന്ന ആളുകളിൽ ദേശീയത ഊട്ടിയുറപ്പിച്ച് ദേശീയ സ്വാതന്ത്ര്യസമരത്തിന് തയ്യാറാക്കിയിട്ടുണ്ട്. 14 വർഷത്തിൽ കൂടുതൽ ജയിലിൽക്കിടന്നു. സവർക്കർ മോശമൊന്നുമല്ല. സ്വാതന്ത്ര്യസമരത്തിനായി കോൺഗ്രസ് നേതാക്കളേക്കാൾ ത്യാഗം സഹിച്ചയാളാണ് സവർക്കർ' എന്നാണ് ഷുഹൈബ് പറഞ്ഞത്.
പ്രസ്താവന പുറത്തായതോടെ ഷുഹൈബിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. സി.പി.ഐ ചെങ്ങന്നൂർ മണ്ഡലം കമ്മറ്റി യോഗത്തിലാണ് ഷുഹൈബിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചത്.











