08:03pm 06 November 2026
NEWS
ആലങ്കോടിന്റെ രാഷ്ട്രീയ ദൗത്യം: തൃശൂരിനെ ഇടതുപക്ഷത്ത് ഉറപ്പിച്ചു നിർത്തുമോ ജനപ്രിയ സാംസ് കാരിക നായകൻ?
30/03/2026  04:07 PM IST
വിഷ്ണുമംഗലം കുമാർ
ആലങ്കോടിന്റെ രാഷ്ട്രീയ ദൗത്യം: തൃശൂരിനെ ഇടതുപക്ഷത്ത് ഉറപ്പിച്ചു നിർത്തുമോ ജനപ്രിയ സാംസ് കാരിക നായകൻ?

പ്രമുഖ സാംസ്‌കാരിക പ്രവർത്തകൻ ആലങ്കോട് ലീലാകൃഷ്ണൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ അത്ര സജീവമായിരുന്നില്ല. സി പി ഐയുടെ കലാസാംസ്‌കാരിക വിഭാഗമായ യുവകലാ സാഹിതിയുടെ അധ്യക്ഷസ്ഥാനം വഹിച്ചുപോന്ന ഇടതുപക്ഷ ചിന്താഗതിക്കാരനാണെങ്കിലും പ്രത്യക്ഷ കക്ഷിരാഷ്ട്രീയ ക്കാരനായിട്ടല്ല കവിയും പ്രഭാഷകനുമായ ആലങ്കോട് സാംസ്‌കാരിക പ്രവർത്തനം നടത്തിപ്പോന്നത്. കേരളത്തിലങ്ങോളമിങ്ങോളവും മറുനാടൻ നഗരങ്ങളിലും വിദേശത്തുമുള്ള മലയാളി കൂട്ടായ്മകളിൽ പ്രഭാഷകനായും മുഖ്യാതിഥിയായും ഏതാണ്ടല്ലാ ദിവസവും പങ്കെടുക്കുകയും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയും ചെയ്ത ആലങ്കോട് മലയാളികൾക്ക് സുസമ്മതനും സുപരിചിതനുമായ വ്യക്തിശുദ്ധിയുള്ള സാംസ്‌കാരിക പ്രവർത്തകനാണ്. കഥയും കവിതയും നാടൻപാട്ടുമൊക്കെ കോർത്തിണക്കിയുള്ള ലീലാകൃഷ്ണൻ നിർവ്വഹിച്ച പ്രഭാഷണങ്ങൾ സാഹിത്യ താല്പര്യമുള്ളവരെ മാത്രമല്ല, സാധാരണക്കാരെയും ഹഠാദാകർഷിച്ചിരുന്നു. ഏതെങ്കിലും ഒരു കക്ഷിയുടെ രാഷ്ട്രീയ ടാഗ് എടുത്തണിയാതെയായിരുന്നു ആലങ്കോടിന്റെ സാംസ്‌കാരിക പ്രവർത്തനം. 2020ൽ കേരള ഗ്രാമീണ ബാങ്കിൽ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം സാംസ്‌കാരിക രംഗത്ത് സജീവമായത്. സോഷ്യൽ മീഡിയയിലും പൊതു സമൂഹത്തിലും അദ്ദേഹം ജനപ്രിയ താരമായി മാറിയിട്ട് ഏതാനും വർഷങ്ങളെ ആയിട്ടുള്ളൂ.

തികച്ചും അപ്രതീക്ഷിതമായി തൃശൂരിൽ ഇടതുമുന്നണിയുടെ ഭാഗമായി സി പി ഐ സ്ഥാനാർത്ഥി യായതോടെ അദ്ദേഹം താൽക്കാലികമായെങ്കിലും സാംസ്‌കാരിക നഗരിയുടെ പരിധിയിലും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചട്ടക്കൂട്ടിലും പരിമിതപ്പെട്ടിരിക്കുകയാണ്. ഇടതുപക്ഷ കാഴ്ചപ്പാടില്ലാത്തവർക്കും സ്വീകാര്യനാണ് എന്നതാണ് സൗമ്യനും മൃദുഭാഷാശൈലിയുടെ വക്താവുമായ ആലങ്കോടിന്റെ സവിശേഷത. ഒരു രാഷ്ട്രീയപ്പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ ആ പ്രതിഛായയ്ക്ക് മങ്ങലേൽക്കുമെങ്കിലും ഹൃദ്യമായ പെരുമാറ്റത്തിലൂടെ, ആരെയും അകാരണമായി മുറിവേൽപ്പിക്കാത്ത സൗമ്യസുന്ദര വാക്കുകളിലൂടെ അതിനെ മറികടക്കാൻ എം എൽ എയായാലും ഇല്ലെങ്കിലും ആലങ്കോടിന് കഴിയുമെന്ന് ഉറപ്പാണ്. 

തെരഞ്ഞെടുപ്പ് കണക്കുകൾ  
                
2021 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ പത്മജാ വേണുഗോപാലിനെയും ബിജെപിയുടെ സുരേഷ് ഗോപിയേയും തോൽപ്പിച്ച് തൃശൂരിൽ സിപിഐ നേതാവ് പി ബാലചന്ദ്രൻ ജയിച്ചുകയറിയത് കേവലം 946 വോട്ടുകൾക്കാണ്. പത്മജ 43317 വോട്ട് പിടിച്ചപ്പോൾ സുരേഷ് ഗോപി സ്വന്തമാക്കിയത് 40457 വോട്ടുകൾ. 44263 വോട്ടുകൾ നേടിയാണ് ബാലചന്ദ്രൻ കഷ്ടിച്ച് വിജയക്കര തൊട്ടത്. 2016 ലാകട്ടെ കോൺഗ്രസ്സിന്റെ പത്മജ വേണുഗോപാലിനെയും ബിജെപിയുടെ ബി. ഗോപാലകൃഷ്ണനെയും 6987 വോട്ടുകൾക്ക് തോൽപ്പിച്ച് വി. എസ്. സുനിൽകുമാർ ഒന്നാം പിണറായി മന്ത്രിസഭയിൽ ഇടം കണ്ടെത്തിയിരുന്നു. 2024 ലാകട്ടെ ഈ മണ്ഡലം ഉൾപ്പെടുന്ന തൃശൂർ ലോക്‌സഭാ സീറ്റിൽ 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി ചിഹ്നത്തിൽ വിജയിച്ച് സുരേഷ് ഗോപി മഹാത്ഭുതം സൃഷ്ടിച്ചു. കേന്ദ്രത്തിൽ സഹമന്ത്രി സ്ഥാനമാണ് അതിന് പ്രതിഫലമായി അദ്ദേഹത്തിന് ലഭിച്ചത്. വോട്ടർമാരുടെ മനസ്സിൽ വന്ന മാറ്റമാണ് സുരേഷ് ഗോപിയുടെ വിജയത്തിൽ പ്രതിഫലിച്ചത്. തൃശൂരിലെ വോട്ടർമാരിൽ സുരേഷ് ഗോപി ചെലുത്തിയ സ്വാധീനം ഇപ്പോഴും നിലനിൽക്കുന്നു. കോൺഗ്രസ്സ് വിട്ട് ബിജെപിയിലെത്തിയ പത്മജാ വേണുഗോപാലാണ് ആലങ്കോടിന്റെ മുഖ്യ എതിരാളി. താരതമ്യേന പുതുമുഖമായ രാജൻ ജെ. പല്ലനെയാണ് കോൺഗ്രസ്സ് കളംപിടിക്കാൻ ഇറക്കിയിരിക്കുന്നത്. ബിജെപിയിലേക്ക് ചെരിഞ്ഞതായി കരുതപ്പെടുന്ന തൃശ്ശൂരിനെ ഇടത്തോട്ട് വലിച്ച് ഉറപ്പിച്ച് നിർത്താൻ കക്ഷി രാഷ്ട്രീയാതീത ജനസ്വാധീനമുള്ള ആലങ്കോടിന് സാധിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. 

ചിലപ്പതികാരവും നിയമസഭാ സ്ഥാനാർത്ഥിത്വവും

തൃശൂരിൽ സി പി ഐ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെടുന്നതിന് ആഴ്ചകൾക്ക് മുമ്പ് ഒരു ദിവസം മുഴുവൻ ആലങ്കോട് ഈ ലേഖകനോടൊപ്പമുണ്ടായിരുന്നു. ബംഗളുരുവിൽ ഞങ്ങളുടെ ദീപ്തി വെൽഫെയർ അസോസിയേഷന്റെ വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. മുമ്പും പലതവണ ആലങ്കോട് ദീപ്തി വേദിയിൽ എത്തിയിട്ടുണ്ട്. ഈ വർഷം പ്രശസ്തമായ ചൗഡയ്യ മെമ്മോറിയൽ ഹാളിലായിരുന്നു വാർഷികാഘോഷം. സദസ്സിനെ ഹഠാദാകാർഷിച്ച ഉജ്ജ്വല പ്രസംഗമാണ് അന്ന് അദ്ദേഹം നടത്തിയത്. രാത്രിവൈകി പേരാമ്പ്ര മാതാ അവതരിപ്പിച്ച ചിലപ്പതികാരത്തിന്റെ രംഗാവിഷ്‌കാരം കാണാനും, അതേപ്പറ്റി സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. മാതാ ഡയറക്ടർ കനകദാസിനെ ആലങ്കോട് പൊന്നാടയണിയിച്ച് ആദരിച്ചു. ഇളങ്കോവടികളുടെ ഇതിഹാസകൃതിയായ ചിലപ്പതികാരത്തിന്റെ അതിമനോഹരമായ രംഗാവിഷ്‌കാരം സാക്ഷാൽക്കരിച്ച മാതായെ (മലയാളം തിയ്യേട്രിക്കൽ ഹെറിറ്റേജ് ആൻഡ് ആർട്ട്‌സ്) അദ്ദേഹം അകമഴിഞ്ഞ് അഭിനന്ദിച്ചു.പേരാമ്പ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന മാതായിലെ അമ്പതോളം പ്രതിഭാശാലികളായ ആർട്ടിസ്റ്റുകൾ ചേർന്നാണ് ചിലപ്പതികാരം ചൗഡയ്യ ഹാളിൽ നിറഞ്ഞ സദസ്സിന് മുന്നിൽ അവതരിപ്പിച്ചത്. ചിലപ്പതികാരം കഴിഞ്ഞ് ആലങ്കോട് അഭിനന്ദനവുമായി വേദിയിലെത്തുന്നതിനിടയിലെ ഇടവേളയിൽ ഈ ലേഖകൻ സദസ്സിനോട് പറഞ്ഞു: ടിവിയിലോ പത്രമാധ്യമങ്ങളിലോ കേരളം കേൾക്കാനാഗ്രഹിക്കുന്ന ഒരു സന്തോഷ വാർത്തയുണ്ട്, ആലങ്കോട് ലീലാകൃഷ്ണന് പത്മശ്രീ. ദേശീയ അംഗീകാരത്തിന് അത്രയേറെ അർഹനാണ് അദ്ദേഹം... 

സദസ്സ് നിലക്കാത്ത കരഘോഷം മുഴക്കി. പത്മശ്രീ വാർത്ത വന്നില്ലെങ്കിലും ദിവസങ്ങൾക്കകം കേട്ടത് ആലങ്കോട് തൃശൂരിൽ സ്ഥാനാർത്ഥിയാകുന്നു എന്ന ആഹ്ലാദ വിവരമാണ്. അതാകട്ടെ തികച്ചും അവിചാരിതമായിരുന്നു. ഈ കുറിപ്പെഴുതുമ്പോൾ ആലങ്കോടിനെ ഫോണിൽ വിളിച്ചിരുന്നു. അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂർദ്ധന്യത്തിലായിരുന്നു. ജയിച്ച് എംഎൽഎയാകുമോ ? 'കേരളശബ്ദം' ചോദിച്ചു. 'എന്താ സംശയം! നല്ല ഭൂരിപക്ഷത്തോടെ വിജയിക്കും' ആലങ്കോടിന്റെ വാക്കുകളിൽ തികഞ്ഞ ആത്മവിശ്വാസം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img