
ദോഹ: ഖത്തർ സ്റ്റാർസ് ലീഗിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം കായിക കോടതിയിലേക്ക് നീളുന്നു. അൽ സെയിലിയക്കെതിരായ മത്സരത്തിൽ അയോഗ്യനായ താരം കളിച്ചുവെന്ന് ആരോപിച്ച് അൽ ഷമാൽ ക്ലബ്ബ് അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയെ (Court of Arbitration for Sport - CAS) സമീപിച്ചു. ഖത്തർ ഫുട്ബോൾ അസോസിയേഷന്റെ അപ്പീൽ കമ്മിറ്റിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതിനെത്തുടർന്നാണ് ക്ലബ്ബ് ഈ കടുത്ത തീരുമാനമെടുത്തത്.ലീഗിലെ 14-ാം റൗണ്ടിൽ അൽ ഷമാലും അൽ സെയിലിയയും തമ്മിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിലാണ് (0-0) അവസാനിച്ചത്. എന്നാൽ, നാല് മഞ്ഞക്കാർഡുകൾ കണ്ട് സസ്പെൻഷനിലായിരുന്ന അർജന്റീനിയൻ താരം മത്യാസ് നാനിയെ അൽ സെയിലിയ അന്ന് കളത്തിലിറക്കിയെന്നാണ് അൽ ഷമാലിന്റെ വാദം. നിയമവിരുദ്ധമായി താരം കളിച്ചതിനാൽ ആ മത്സരത്തിലെ മുഴുവൻ പോയിന്റും (3 പോയിന്റ്) തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഷമാൽ അധികൃതർ ചൂണ്ടിക്കാട്ടുന്നു.ഫെബ്രുവരിയിൽ ഖത്തർ ഫുട്ബോൾ അസോസിയേഷൻ (QFA) ഡിസിപ്ലിനറി കമ്മിറ്റിക്ക് പരാതി നൽകിയെങ്കിലും, പരാതി സാങ്കേതികമായി സ്വീകരിച്ച് മെറിറ്റിൽ തള്ളുകയായിരുന്നു.ഇതോടെയാണ് നീതി തേടി അന്താരാഷ്ട്ര തലത്തിലുള്ള 'കാസി'നെ (CAS) സമീപിക്കാൻ അൽ ഷമാൽ ഭരണസമിതി തീരുമാനിച്ചത്.കോടതി വിധി അനുകൂലമായാൽ അൽ സാദിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും ലീഗ് കിരീടം ചൂടാനും അൽ ഷമാലിന് സാധിക്കും. വരും ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന കോടതിയുടെ വിധി ഖത്തർ ഫുട്ബോൾ സീസണിലെ ഏറ്റവും നിർണ്ണായകമായ ഒന്നായിരിക്കും.











