
ദോഹ: ഖത്തറിലെ അൽ ഖറൈത്തിയാത്ത്, ഇസ്ഗാവ (Al Kharaitiyat, Izghawa) മേഖലകളിലെ റോഡ്-അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ രണ്ടാം ഘട്ടം പൊതുമരാമത്ത് അതോറിറ്റിയായ അശ്ഗാൽ വിജയകരമായി പൂർത്തിയാക്കി. പ്രദേശത്തെ നഗരവൽക്കരണത്തിന് ആക്കം കൂട്ടുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി നടപ്പിലാക്കുന്ന വിപുലമായ പദ്ധതിയുടെ ഭാഗമാണിത്.പുതിയ പദ്ധതി പൂർത്തിയായതോടെ പ്രദേശത്തെ 1,514 റസിഡൻഷ്യൽ പ്ലോട്ടുകൾക്ക് നേരിട്ട് പ്രയോജനം ലഭിക്കും. ഉൾനാടൻ റോഡുകളുടെ നവീകരണത്തിലൂടെ പ്രധാന റോഡുകളിലേക്കുള്ള ഗതാഗതം സുഗമമായി.
ഏകദേശം 46 കിലോമീറ്റർ റോഡാണ് ഈ ഘട്ടത്തിൽ നിർമ്മിച്ചത്. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി സിഗ്നലുകളോടു കൂടിയ മൂന്ന് ജംഗ്ഷനുകളും നാല് കാൽനട ക്രോസിംഗുകളും സജ്ജമാക്കിയിട്ടുണ്ട്.9,900 വാഹനങ്ങൾക്കായി പാർക്കിംഗ് സൗകര്യം ഒരുക്കി. കൂടാതെ 37,500 ചതുരശ്ര മീറ്റർ പ്രദേശം ഹരിതാഭമാക്കുകയും (Landscaping) ചെയ്തു.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി 85 കിലോമീറ്റർ ദൂരത്തിൽ കാൽനടയാത്രക്കാർക്കും സൈക്ലിംഗിനുമുള്ള പ്രത്യേക പാതകൾ നിർമ്മിച്ചു. 51 കി.മീ ഡ്രെയിനേജ് ശൃംഖല, 21 കി.മീ ശുദ്ധീകരിച്ച ജലത്തിനായുള്ള പൈപ്പ് ലൈനുകൾ, വൈദ്യുതി, വാർത്താവിനിമയ ശൃംഖലകൾ എന്നിവയും ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു.ഈ പദ്ധതിയുടെ നിർമ്മാണത്തിനായി ഉപയോഗിച്ച വസ്തുക്കളിൽ 70 ശതമാനവും ഖത്തറിലെ പ്രാദേശിക നിർമ്മാതാക്കളിൽ നിന്നുള്ളതാണ്. അശ്ഗാലിന്റെ 'താഹീൽ' (Taheel) സംരംഭത്തിന്റെ ഭാഗമായി പ്രാദേശിക വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഉദാഹരണമാണിതെന്ന് അധികൃതർ വ്യക്തമാക്കി.
അൽ ഖറൈത്തിയാത്ത്, ഇസ്ഗാവ മേഖലകളിലെ വികസനം ആകെ നാല് പാക്കേജുകളിലായാണ് വിഭജിച്ചിരിക്കുന്നത്. ഇതിൽ മൂന്നാം പാക്കേജ് 2025-ൽ പൂർത്തിയായിരുന്നു. ബാക്കിയുള്ള ഒന്നും നാലും പാക്കേജുകളുടെ പണി ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് നോർത്തേൺ ഏരിയ സെക്ഷൻ മേധാവി എഞ്ചിനീയർ അബ്ദുള്ള അൽ നുഐമി അറിയിച്ചു.










