
ഗാസയിലെ ജനതയ്ക്കായി പ്രതികാരം ചെയ്യാൻ ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ അൽ ഖായിദയുടെ നേതാവ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെയും ഇലോൺ മസ്കിനെയും ഉൾപ്പെടെയുള്ളവരെ വധിക്കാനാണ് അൽ ഖായിദ നേതാവ് സയീദ് ബിൻ ആതിഫ് അൽ അവ്ലാകി ആഹ്വാനം ചെയ്യുന്നത്. അമേരിക്കയിലെ മുസ്ലീം സമൂഹത്തോടാണ് സയീദ് ബിൻ ആതിഫ് അൽ അവ്ലാകിയുടെ ആഹ്വാനം. ഇയാൾ പ്രതികാരം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഗാസയിലെ ജനതയ്ക്കായി പ്രതികാരം ചെയ്യാനാണ് അമേരിക്കയിലുള്ള മുസ്ലിം സമൂഹത്തോട് അവ്ലാകി ആഹ്വാനംചെയ്യുന്നത്. അവരുടെ പിന്നാലെ പോകൂ, അവരുടെ കുടുംബങ്ങളേയും വിടേണ്ട, വൈറ്റ് ഹൗസിലെ രാഷ്ട്രീയപ്രവർത്തകരുമാരുമായി അടുപ്പമുള്ള എല്ലാവരേയും തീർക്കണം, ഇതാണ് വീഡിയോ സന്ദേശത്തിൽ പറയുന്നത്. ഗാസയിലുള്ള തങ്ങളുടെ ജനതയ്ക്കുണ്ടായ വിഷമതകൾക്ക് ശേഷം ഇനിയൊരു ഒത്തുതീർപ്പ് വേണ്ട എന്നും വീഡിയോയിൽ പറയുന്നുണ്ട്. ജൂതരെ സുഖമായി കഴിയാനനുവദിക്കരുതെന്നും വീഡിയോയിൽ പറയുന്നു.
2024 മാർച്ചിലാണ് അൽ അവ്ലാകി അൽ ഖായിദയുടെ തലപ്പത്തെത്തിയത്. ആറ് മില്യൺ ഡോളറാണ് യുഎസ് ഇയാളുടെ തലയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്ന പാരിതോഷികം. നേതൃസ്ഥാനത്തെത്തിയ ശേഷം അൽ അവ്ലാകിയുടേതായി പുറത്തുവന്ന ആദ്യ വീഡിയോയാണ് ഇതെന്ന് അസ്സോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. യെമനിലാണ് നിലവിൽ ഇയാളുള്ളതെന്നാണ് നിഗമനം.











