
ദോഹ: ഖത്തറിൽ 'അൽ-മുഅഖർ' (Al-Mu’akhar) നക്ഷത്രത്തിന്റെ വരവോടെ പുതിയ കാലാവസ്ഥാ മാറ്റത്തിന് തുടക്കമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 16 മുതൽ ആരംഭിച്ച ഈ കാലഘട്ടം 13 ദിവസം നീണ്ടുനിൽക്കും. പ്രാദേശികമായി 'സരായാത്' (Sarayat) സീസണിന്റെ ഭാഗമായാണ് ഈ മാറ്റം കണക്കാക്കപ്പെടുന്നത്.
ഈ കാലയളവിൽ ഉച്ചസമയത്ത് താരതമ്യേന ചൂട് അനുഭവപ്പെടുമെങ്കിലും രാത്രികാലങ്ങളിൽ മിതമായ കാലാവസ്ഥയായിരിക്കും.
സരായാത് സീസണിന്റെ സ്വാധീനം തുടരുന്നതിനാൽ, പെട്ടെന്നുള്ള ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അന്തരീക്ഷത്തിൽ പൊടിയും മണലും ഉയരാൻ ഇടയുണ്ട്. ഇത് കാഴ്ചപരിധിയെ ബാധിച്ചേക്കാം.
അടുത്ത രണ്ടാഴ്ചക്കാലം കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ പ്രകടമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.










