01:12pm 13 November 2026
NEWS
ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അഞ്ചു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
11/08/2025  08:11 AM IST
nila
ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അഞ്ചു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ​ഗാസയിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു.  അൽജസീറ ചാനലിന്റെ റിപ്പോർട്ടർമാരും ക്യാമറാമാൻമാരുമാണ് കൊല്ലപ്പെട്ടത്. റിപ്പോർട്ടർമാരായ അനസ് അൽ ഷെരീഫ്, മുഹമ്മദ് ക്വറീഹ്, കാമറമാൻമാരായ ഇബ്രാഹിം സഹർ, മുഹമ്മദ് നൗഫൽ, മൊയേമൻ അലിവ എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് ​പ്രദേശവാസികളും കൊല്ലപ്പെട്ടിട്ടുണ്ട്. അൽ ഷിഫ ആശുപത്രിക്ക് മുന്നിലുണ്ടായ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. 

ആശുപത്രിക്ക് മുന്നിലായി തയ്യാറാക്കിയിട്ടുള്ള താൽകാലിക ഷെഡുകൾക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതെന്ന് അൽജസീറ അറിയിച്ചു.അതേസമയം അൽ ഷെരീഫിനെ കൊലപ്പെടുത്തിയകാര്യം ഇസ്രായേലും സ്ഥിരീകരിച്ചു. ഹമാസ് ഭീകരവാദിയാണ് അൽ ഷെരീഫ് എന്നആരോപണം ഉന്നയിച്ചാണ് ഇസ്രായേൽ സൈന്യം രംഗത്ത് വന്നത്. ഷെരീഫ് ഹമാസിന്റെ ഭാഗമായി പ്രവർത്തിച്ചുവെന്നും ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ ഭാഗമായെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു.

ഗാസയിലെ ഇസ്രായേൽ ആക്രമണത്തിന്റെ നടുക്കുന്ന വിവരങ്ങൾ ലോകത്തിനുമുന്നിലെത്തിച്ച പ്രമുഖ മാധ്യമപ്രവർത്തകനാണ് അൽ ഷെരീഫ്. കൊല്ലപ്പെടുന്നതിന് മിനുട്ടുകൾക്ക് മുൻപ് അദ്ദേഹം ഗാസ സിറ്റിയിലെ ഇസ്രായേൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു. 28 കാരനായ അൽ ഷെരീഫിനെ ഹമാസിന്റെ ഭാഗമെന്ന് ആരോപിച്ച് ജൂലൈയിൽ ഇസ്രായേൽ സൈനിക വക്താവ് വീഡിയോ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് ദിവസങ്ങൾക്കകം അദ്ദേഹത്തെ ആക്രമണത്തിലൂടെ കൊലപ്പെടുത്തുന്നത്. ഇതിനു മുൻപും അദ്ദേഹത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടന്നതായി ദി കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ് (സിപിജെ) അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img