
ദോഹ: ആഗോള വാർത്താ മാധ്യമ രംഗത്ത് തങ്ങളുടെ അപ്രമാദിത്യം ഒരിക്കൽ കൂടി തെളിയിച്ച് അൽ ജസീറ നെറ്റ്‌വർക്ക്. അമേരിക്ക-ഇസ്രായേൽ-ഇറാൻ യുദ്ധം ആരംഭിച്ച ആദ്യ മാസത്തിൽ മാത്രം അൽ ജസീറയുടെ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ 1600 കോടി (16 Billion) കാഴ്ചക്കാരെയാണ് നേടിയത്.യുദ്ധകാലയളവിൽ അൽ ജസീറയുടെ വെബ്‌സൈറ്റുകൾ സന്ദർശിച്ചത് 51 കോടിയിലധികം പേരാണ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ ആകെ പ്രവർത്തനങ്ങൾ (Operations) 4000 കോടി കവിഞ്ഞു. ഒരു മാസത്തിനിടെ 2.3 കോടി പുതിയ ഫോളോവേഴ്‌സിനെയാണ് നെറ്റ്‌വർക്കിന് ലഭിച്ചത്. ഇതോടെ അൽ ജസീറയുടെ ആകെ ഫോളോവേഴ്‌സ് 49.2 കോടിയായി ഉയർന്നു.
യൂട്യൂബ് ലൈവ് സ്ട്രീമിംഗിൽ ഒരേസമയം 5 ലക്ഷത്തിലധികം കാഴ്ചക്കാരുമായി അൽ ജസീറ ഒന്നാമതെത്തി.
സത്യസന്ധതയും കൃത്യതയും കൈവിടാത്ത പ്രൊഫഷണൽ സമീപനമാണ് ഇത്രയേറെ ജനപിന്തുണ നേടാൻ കാരണമായതെന്ന് അൽ ജസീറ അധികൃതർ വ്യക്തമാക്കി. അമേരിക്ക, ഇറാൻ, ഫലസ്തീൻ തുടങ്ങിയ മേഖലകളിൽ നിന്നുള്ള തത്സമയ റിപ്പോർട്ടുകൾ ജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ വലിയ പങ്കുവഹിച്ചു.











