
ദോഹ: ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള അൽ ജസ്ര കൾച്ചറൽ ആൻഡ് സോഷ്യൽ ക്ലബ് യുവാക്കൾക്കായി വാർഷിക റമദാൻ മത്സരം സംഘടിപ്പിക്കുന്നു. മതപരവും സാംസ്കാരികവുമായ അറിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ബൗദ്ധിക മൂല്യങ്ങൾ വളർത്തുന്നതിനുമായാണ് ക്ലബ് ഈ ഓൺലൈൻ മത്സരം ഒരുക്കിയിരിക്കുന്നത്.
15 മുതൽ 35 വയസ്സുവരെയുള്ള യുവതീ യുവാക്കളെ ലക്ഷ്യമിട്ടാണ് മത്സരം നടക്കുന്നത്. ക്ലബ്ബിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും പ്രാദേശിക പത്രങ്ങൾ വഴിയും ദിവസേന ചോദ്യങ്ങൾ പ്രസിദ്ധീകരിക്കും.ഖുർആൻ അധിഷ്ഠിതമായ അറിവുകൾ, സാംസ്കാരിക വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന ചോദ്യങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ അവസാന തീയതിക്ക് മുൻപായി ഒന്നിച്ച് സമർപ്പിക്കണം. പങ്കെടുക്കുന്നവർ തങ്ങളുടെ പൂർണ്ണരൂപത്തിലുള്ള പേരും മൊബൈൽ നമ്പറും കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്.
ശരിയുത്തരം നൽകുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് 1,000 ഖത്തർ റിയാൽ വീതം സമ്മാനം ലഭിക്കും. തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം ഉടനടി സമ്മാനത്തുക വിതരണം ചെയ്യും.ഉത്തരങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി ശവ്വാൽ 15 (ഏപ്രിൽ 3) ആണ്. വിജയികളുടെ പേരുകൾ സോഷ്യൽ മീഡിയ വഴിയും പത്രങ്ങൾ വഴിയും പ്രസിദ്ധീകരിക്കും.
റമദാൻ മാസത്തിൽ സമൂഹത്തിനിടയിൽ അറിവ് പകരുകയും ക്രിയാത്മകമായ ഇടപെടലുകൾ നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അൽ ജസ്ര ക്ലബ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.











