
ദോഹ: ഖത്തറിന്റെ കായിക മാമാങ്കമായ അമീർ കപ്പ് ഫൈനലിൽ അൽ സദ്ദിനെ തകർത്ത് അൽ ഗറാഫ ചാമ്പ്യന്മാരായി. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ ഗറാഫ വിജയം കൊയ്തത്. വിജയികൾക്ക് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി ട്രോഫി സമ്മാനിച്ചു.മുപ്പത്തിയേഴായിരത്തിലധികം കാണികളെ സാക്ഷിയാക്കി നടന്ന മത്സരത്തിൽ അൽ ഗറാഫയുടെ സമ്പൂർണ്ണാധിപത്യമാണ് ദൃശ്യമായത്. പത്തൊമ്പത് തവണ കിരീടം ചൂടിയ കരുത്തരായ അൽ സദ്ദിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഗറാഫ പുറത്തെടുത്തത്.അൽ ഗറാഫയുടെ ക്യാപ്റ്റനും അൾജീരിയൻ താരവുമായ യാസീൻ ബ്രാഹിമിയുടെ തകർപ്പൻ പ്രകടനമാണ് വിജയത്തിൽ നിർണ്ണായകമായത്. താരം മത്സരത്തിൽ ഹാട്രിക് തികച്ചു (27, 63, 90+1 മിനിറ്റുകളിൽ). ഫെർജാനി സാസിയാണ് ഗറാഫയുടെ ആദ്യ ഗോൾ നേടിയത്. അൽ സദ്ദിനായി ജാവൈറോ ഡിൽറോസൻ (89-ാം മിനിറ്റ്) ആശ്വാസ ഗോൾ കണ്ടെത്തി.അമീറിന്റെ പേഴ്സണൽ റെപ്രസെന്റേറ്റീവ് ശൈഖ് ജാസിം ബിൻ ഹമദ് അൽ താനി, ശൈഖ് അബ്ദുള്ള ബിൻ ഖലീഫ അൽ താനി തുടങ്ങി പ്രമുഖ രാജകുടുംബാംഗങ്ങളും മന്ത്രിമാരും വിവിധ രാജ്യങ്ങളിലെ കായിക പ്രതിനിധികളും ഫൈനൽ കാണാൻ എത്തിയിരുന്നു.
"ഈ വിജയം അതിശയിപ്പിക്കുന്നതാണ്. ആരാധകർക്കായി ഈ കിരീടം നേടണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു," മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ബ്രാഹിമി പറഞ്ഞു. ഈ വിജയത്തോടെ അൽ ഗറാഫയുടെ അമീർ കപ്പ് കിരീടനേട്ടം ഒമ്പതായി. കഴിഞ്ഞ വർഷത്തെ കിരീടം നിലനിർത്തിയ അൽ ഗറാഫ തങ്ങളുടെ പോരാട്ടവീര്യം ഒരിക്കൽ കൂടി തെളിയിച്ചു.










