
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിലെ പ്രതികൾ ജോലി ചെയ്തിരുന്ന ഫരീദാബാദ് ധൗജിലെ അൽ ഫലാഹ് സർവകലാശാല വീണ്ടും വിവാദ കേന്ദ്രമാകുന്നു. സ്ഥാപനത്തിന്റെ ന്യൂനപക്ഷ വിദ്യാഭ്യാസ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച പരാതിയിൽ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷൻ അൽ ഫലാഹ് സർവകലാശാലക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ചു. നാക് അക്രഡിറ്റേഷൻ ഉണ്ടെന്ന രീതിയിൽ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപണമുണ്ട്.
യുജിസി മാനദണ്ഡപ്രകാരം കേന്ദ്ര ധനസഹായത്തിന് അർഹതയില്ലാത്ത സ്ഥാപനമായിട്ടും, അൽ ഫലാഹിന് AICTE, കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം എന്നിവിടങ്ങളിൽ നിന്ന് നിരവധി സ്കോളർഷിപ്പുകളും പദ്ധതികളും ലഭിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു. 2016 ൽ 10 കോടി രൂപയാണ് ഇത്തരത്തിൽ ലഭിച്ചത്. 2015 ൽ 2600 വിദ്യാർത്ഥികൾക്കായി 6 കോടി രൂപ ലഭിച്ചു. ജമ്മു-കശ്മീർ വിദ്യാർത്ഥികൾക്കുള്ള AICTE പ്രത്യേക പദ്ധതിയിൽ 1.10 കോടി രൂപയും അൽ ഫലാഹ് സർവകലാശാല കൈപ്പറ്റിയിട്ടുണ്ട്.
1997 ൽ എൻജിനീയറിങ് കോളേജായി ആരംഭിച്ച സ്ഥാപനത്തിന് തുടക്കത്തിലേ ന്യൂനപക്ഷ പദവി ലഭിച്ചിരുന്നു. ഹരിയാന സർക്കാർ പലവട്ടം നടപടി സ്വീകരിച്ചപ്പോൾ പോലും അപ്പീലിലൂടെ അനുകൂല വിധി നേടിയ ചരിത്രമുണ്ട്. നോട്ടിസിന് മറുപടി അടുത്ത ഡിസംബർ 4ന് കമ്മിഷൻ പരിശോധിക്കും.
അതേസമയം, സ്ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ ഇ.ഡി അറസ്റ്റ് ചെയ്ത ചാൻസലർ ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ കുടുംബ വീട് പൊളിക്കാനുള്ള ഉത്തരവ് മധ്യപ്രദേശ് ഹൈക്കോടതി സ്റ്റേ ചെയ്തു. താമസക്കാരനായ അബ്ദുൽ മജീദ് നൽകിയ ഹർജിയിൽ വീട് ഇഷ്ടദാനം ലഭിച്ചതാണെന്നും രേഖകൾ സമർപ്പിക്കാൻ സമയം വേണമെന്നും വാദിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി 15 ദിവസം സമയം അനുവദിച്ചു. ജാവേദ് സിദ്ദിഖിയെ ഈ മാസം 18ന് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.











