
ദോഹ: അന്തരിച്ച ഖത്തർ മുൻ ഭരണാധികാരിയും ഫാദർ അമീറുമായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ ഉജ്ജ്വലമായ സ്മരണകൾക്കും ചരിത്രപരമായ ദീർഘവീക്ഷണങ്ങൾക്കുമായി പ്രമുഖ ടെലിവിഷൻ ചാനലായ 'അൽ അറബി 2' തങ്ങളുടെ ജനപ്രിയ പരിപാടിയായ 'ദിഫാഫ്' (Difaf)-ന്റെ പ്രത്യേക പതിപ്പ് സമർപ്പിച്ചു. ഫാദർ അമീറിന്റെ വിയോഗത്തിൽ രാജ്യം വിതുമ്പുമ്പോൾ, ജനങ്ങളുടെ ഹൃദയത്തിൽ അദ്ദേഹത്തോടുള്ള ആഴത്തിലുള്ള സ്നേഹവും ബഹുമാനവും പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ പ്രത്യേക എപ്പിസോഡ്.
ഖത്തർ എന്ന രാജ്യത്തിന്റെ ചരിത്രത്തെയും ജനതയെയും ഇത്രയധികം സ്വാധീനിച്ച ഒരു യുഗപുരുഷന് വികാരനിർഭരമായ യാത്രയയപ്പാണ് മാധ്യമങ്ങളിലൂടെയും ജനങ്ങളിലൂടെയും രാജ്യം നൽകിയതെന്ന് അൽ അറബി ടെലിവിഷൻ നെറ്റ്‌വർക്ക് പി.ആർ ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് ലീഡ് യൂസഫ് ബാലൂജ് പ്രസ്താവനയിൽ വ്യക്തമാക്കി.ശൈഖ മൗസ ബിൻത് നാസർ: ഫാദർ അമീറിനെ "ഖത്തറിന്റെ ചരിത്രനായകൻ" എന്നാണ് ശൈഖ മൗസ വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ നവോത്ഥാനത്തിന്റെ മുൻഗാമിയും ഖത്തറിന്റെ പ്രതാപത്തിന്റെ ശില്പിയുമായിരുന്നു അദ്ദേഹം.
മുൻ സാംസ്കാരിക മന്ത്രി ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കവാരി: രാജ്യത്തിന്റെ പുരോഗതിക്കായി ജീവിതം സമർപ്പിച്ച അസാധാരണനായ ഒരു ജനനേതാവിനെയാണ് അറബ്-ഇസ്‌ലാമിക ലോകത്തിന് നഷ്ടമായതെന്ന് അദ്ദേഹം അനുസ്മരിച്ചു.
പ്രമുഖ എഴുത്തുകാരൻ ജാബർ അൽ ഹർമി: "ഫാദർ അമീർ ഖത്തറിനെയും അതിന്റെ ജനങ്ങളെയും എത്രത്തോളം സ്നേഹിച്ചോ അത്രത്തോളം തന്നെ ജനങ്ങൾ തിരിച്ച് അദ്ദേഹത്തെയും സ്നേഹിച്ചു," എന്ന് അദ്ദേഹം പൊതുജനങ്ങളുടെ വികാരം പങ്കുവെച്ചുകൊണ്ട് പറഞ്ഞു.











