
ദോഹ: ലോകകപ്പ് പോരാട്ടത്തിൽ ഖത്തർ ദേശീയ ഫുട്ബോൾ ടീമിന് (അൽ അന്നാബി) ആവേശം പകർന്ന് ആരാധകർ.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിൽ ഖത്തർ രണ്ടാംതവണയാണ് കളിക്കളത്തിൽപോരാട്ടത്തിനിറങ്ങുന്നത്.
യോഗ്യതാ റൗണ്ട് മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കി ആദ്യമായി നേരിട്ട് യോഗ്യത നേടിയാണ് ഖത്തർ ഇത്തവണ ലോകകപ്പ് വേദിയിലേക്ക് പ്രവേശിക്കുന്നത്.
ടൂർണമെന്റിൽ ഗ്രൂപ്പ് 'ബി'യിലാണ് ഖത്തർ മത്സരിക്കുന്നത്. ജൂൺ 13-ന് സാൻ ഫ്രാൻസിസ്കോയിൽ സ്വിറ്റ്സർലൻഡിനെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. തുടർന്ന് ജൂൺ 18-ന് വാൻകൂവറിൽ വെച്ച് സഹ-ആതിഥേയരായ കാനഡയെയും, ജൂൺ 24-ന് സീറ്റിലിൽ വെച്ച് ബോസ്നിയ ആൻഡ് ഹെർസഗോവിനയെയും ഗ്രൂപ്പ് ഘട്ടത്തിൽ ഖത്തർ നേരിടും.
ദേശീയ ടീമിന് ഗാലറിയിൽ ആവേശകരമായ പിന്തുണ നൽകുന്നതിനായി ആയിരം (1000) ആരാധകരടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘത്തെ വടക്കേ അമേരിക്കയിലേക്ക് അയക്കാൻ ഖത്തർ ഫുട്ബോൾ അസോസിയേഷൻ (QFA) വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ജൂൺ 9 നും 11 നും ഇടയിലായി മൂന്ന് പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിലാണ് ആരാധകർ ദോഹയിൽ നിന്ന് അമേരിക്കയിലേക്ക് തിരിക്കുക.
ഔദ്യോഗിക സംഘത്തിന് പുറമെ, അമേരിക്കയിലും കാനഡയിലുമുള്ള ഖത്തരി വിദ്യാർത്ഥികളും പ്രവാസികളും ടീമിന് പിന്തുണയുമായി ഗാലറിയിൽ എത്തും. ഇതിനായി യു.എസിലെ ഖത്തർ കൾച്ചറൽ അറ്റാഷെ ഓഫീസുമായും കാനഡയിലെ ഖത്തർ എംബസിയുമായും സഹകരിച്ച് വിദ്യാർത്ഥികളെ മത്സരങ്ങളിലേക്ക് ഖത്തർ ഫുട്ബോൾ അസോസിയേഷൻ ക്ഷണിച്ചിട്ടുണ്ട്.
കഴിഞ്ഞ 2023 ഏഷ്യൻ കപ്പിൽ ഖത്തറിന്റെ കിരീടധാരണത്തിന് ഗാലറിയിൽ വൻ ആവേശം തീർത്ത 'മറൂൺ സ്റ്റാൻഡ്' (മുദറജ് അൽ അന്നാബി) കൂട്ടായ്മയാണ് ഇത്തവണ ലോകകപ്പ് വേദികളിലും ഖത്തറിനായി ആർപ്പുവിളിക്കാൻ മുന്നിൽ നിൽക്കുന്നത്. ആരാധകരുടെ പങ്കാളിത്തം കൂടുതൽ എളുപ്പമാക്കുന്നതിനായി ക്യു.എഫ്.എ (QFA) പ്രത്യേക കരാറുകളിലും ഏർപ്പെട്ടിട്ടുണ്ട്.











