
ദോഹ: ഖത്തറിന്റെ ഭക്ഷ്യസുരക്ഷാ രംഗത്ത് നിർണ്ണായക പങ്കുവഹിക്കുന്ന സ്ട്രാറ്റജിക് നാഷണൽ ഫെസിലിറ്റിയായ 'അൽ അൻആം ഫാക്ടറി ഫോർ അനിമൽ പ്രൊഡക്ഷൻ' (Al Anaam Factory) ഈ വർഷത്തെ ബലിപെരുന്നാൾ വിപണിയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. പെരുന്നാൾ നാളുകളിൽ രാജ്യത്ത് ബലി അർപ്പിച്ച മൃഗങ്ങളിൽ 45 ശതമാനവും കൈകാര്യം ചെയ്തത് അൽ അൻആം ഫാക്ടറിയാണ്. ഏകദേശം 6,500 ഓളം ബലിമൃഗങ്ങളെയാണ് ഈ സീസണിൽ ഫാക്ടറി വിജയകരമായി വിപണിയിലെത്തിച്ചത്.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, ഖത്തറിലുടനീളമുള്ള 12 കശാപ്പുശാലകളിൽ (Abattoirs) വെറ്ററിനറി പരിശോധനകൾക്ക് വിധേയമായി ആകെ 14,584 മൃഗങ്ങളെയാണ് ബലിനൽകിയത്. ഇതിലാണ് സിംഹഭാഗവും അൽ അൻആം ഫാക്ടറിയിലൂടെ പൂർത്തിയായത്. മാംസോത്പാദന മേഖലയിൽ രാജ്യത്തുടനീളം മന്ത്രാലയം അനുവദിച്ചിട്ടുള്ള 14 ലൈസൻസുകളിൽ ഏറ്റവും മുൻപന്തിയിലാണ് തങ്ങളെന്ന് ഈ നേട്ടത്തിലൂടെ അൽ അൻആം തെളിയിച്ചു.
അൽ അൻആം ഫാക്ടറിയുടെ മാതൃകമ്പനിയായ 'വത്‌നാൻ ഹോൾഡിംഗ് ഗ്രൂപ്പിന്റെ' എക്‌സിക്യൂട്ടീവ് മാനേജർ ഷംലാൻ അൽഅവാദി ഈ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു. സർക്കാർ സബ്‌സിഡികളൊന്നുമില്ലാതെ പൂർണ്ണമായും സ്വകാര്യ നിക്ഷേപത്തിൽ പ്രവർത്തിക്കുന്ന ഈ പ്രൊജക്റ്റ്, ഖത്തറിന്റെ ഭക്ഷ്യസ്വയംപര്യാപ്തതയിലും ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങളിലും എത്രത്തോളം ഉത്തരവാദിത്തത്തോടെയാണ് പങ്കാളികളാകുന്നത് എന്നതിന്റെ തെളിവാണ് ഈ നേട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പെരുന്നാൾ കാലത്തെ ഉയർന്ന ഡിമാൻഡ് മുൻകൂട്ടി കണ്ട് ഏപ്രിൽ, മെയ് മാസങ്ങളിൽ വിപുലമായ ഒരുക്കങ്ങളാണ് ഫാക്ടറി നടത്തിയത്. പ്രാദേശിക, അന്തർദേശീയ വിപണികളിൽ നിന്നായി കര-കടൽ മാർഗ്ഗങ്ങളിലൂടെ 35,240 കന്നുകാലികളെയാണ് ഇക്കാലയളവിൽ ഫാക്ടറി ഖത്തറിലെത്തിച്ചത്. (ഏപ്രിലിൽ 12,105 എണ്ണവും മെയ് മാസത്തിൽ 23,135 എണ്ണവും). ആട്, പശു, ഒട്ടകം തുടങ്ങിയവയെല്ലാം ആവശ്യാനുസരണം ലഭ്യമാക്കിയതിലൂടെ പെരുന്നാൾ വിപണിയിലെ ഇറച്ചി ക്ഷാമം പൂർണ്ണമായും ഒഴിവാക്കാൻ സാധിച്ചതായും മാനേജ്മെന്റ് വ്യക്തമാക്കി.










