
ഇടപ്പള്ളി: വർഗീയതയും കാവിവൽക്കരണവും കലർന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ കണ്ടെത്തിയ പിഎംശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്ടിയു) ആവശ്യപ്പെട്ടു.
കേരളത്തിന്റെ മതനിരപേക്ഷതയും ഐക്യവും തകർക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതിയാണെന്ന് ജില്ലാ പഠന ക്യാമ്പ് വിലയിരുത്തി. പുതുക്കിയ ബജറ്റ് നിരാശജനകവും സർക്കാർ ജീവനക്കാരെയും അധ്യാപകരെയും അവഗണിക്കുന്നതും ആണെന്ന് ക്യാമ്പ് ചൂണ്ടിക്കാട്ടി.2024 ജൂലൈ ഒന്നു മുതലുള്ള ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കണം നടപ്പിലാക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ ശമ്പള കമ്മീഷനെ നിശ്ചയിക്കുകയും മൂന്നുമാസത്തെ സമയപരിധിയിൽ റിപ്പോർട്ട് നൽകാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ കമ്മീഷന് പ്രവർത്തിക്കാൻ കഴിഞ്ഞില്ല. എന്നാൽ പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം കമ്മീഷന്റെ കാലാവധി ദീർഘിപ്പിക്കാതെ കമ്മീഷനെ മരവിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. പുതുക്കിയ ബജറ്റിൽ ശമ്പള പരിഷ്കരണത്തെക്കുറിച്ച് സർക്കാർ മൗനം പാലിക്കുകയാണ്. കഴിഞ്ഞ സർക്കാർ പെൻഷനും ശമ്പളത്തിനുമായി ബജറ്റിൽ വകയിരുത്തിയിരുന്നതിനേക്കാൾ 8000 കോടിയോളം രൂപയുടെ കുറവ് പുതുക്കിയ ബജറ്റിൽ ഉണ്ട്. നിലവിലെ നിരക്കിൽ ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള വകയിരുത്തൽ ബജറ്റിൽ ഇല്ലെന്നും എകെഎസ്ടിയു ചൂണ്ടിക്കാട്ടി.മുൻ സർക്കാർ കുടിശ്ശികയാക്കിയ ക്ഷാമബത്ത 21,670 കോടി രൂപ ബാധ്യതയാണെന്ന് ബജറ്റിൽ ചൂണ്ടിക്കാണിക്കുമ്പോഴും ഈ കുടിശ്ശിക തീർക്കുന്നതിനെ കുറിച്ച് മിണ്ടാട്ടമില്ല. 2026-27 വർഷത്തെ ബജറ്റ് നിർദ്ദേശങ്ങൾ പൊതുവിൽ സിവിൽ സർവീസിനെ ദുർബലപ്പെടുത്തുന്നതും സേവന മേഖലകളുടെ സ്വകാര്യവൽക്കരണം ത്വരിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും എകെഎസ്ടിയു ജില്ലാ സെക്രട്ടറി ഉണ്ണി ഗൗതമൻ അഭിപ്രായപ്പെട്ടു. എകെഎസ്ടിയു മുൻ ജില്ലാ പ്രസിഡന്റ് സിബി അഗസ്റ്റിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ എൽ ക്ലാസിക് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിനോദ് എം,എറണാകുളം ഹയർ സെക്കൻഡറി കോർഡിനേറ്റർ ശങ്കരനാരായണൻ,ഡോക്ടർ നിഷാദ് അബ്ദുൽ കരീം,രൂപേഷ് എം പി,ബിജോയ് കെ എസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.എകെഎസ്ടിയു ജില്ലാ പഠന ക്യാമ്പ് മുൻ ജില്ലാ പ്രസിഡന്റ് സിബി അഗസ്റ്റിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു
Photo Courtesy - Google








