11:39pm 05 October 2026
NEWS
സിപിഎമ്മിന് സംസ്ഥാന കമ്മിറ്റി ഓഫീസും നഷ്ടമാകുമോ? എകെജി സെന്ററിന്റെ ഭൂമി അളക്കാൻ ഹൈക്കോടതി ഉത്തരവ്
05/10/2026  07:10 PM IST
nila
സിപിഎമ്മിന് സംസ്ഥാന കമ്മിറ്റി ഓഫീസും നഷ്ടമാകുമോ? എകെജി സെന്ററിന്റെ ഭൂമി അളക്കാൻ ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം: എകെജി സെന്റർ പ്രവർത്തിക്കുന്ന ഭൂമിയുടെ അതിർത്തിയും വിസ്തൃതിയും അളന്ന് തിട്ടപ്പെടുത്താൻ ഹൈക്കോടതി നിർദേശം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം തഹസിൽദാർക്ക് സംസ്ഥാന റവന്യൂ വകുപ്പ് അടിയന്തര നിർദേശം നൽകി. നാളെ രാവിലെ 10 മണിക്കാണ് ഭൂമി അളക്കുന്നത്.

വർഷങ്ങളായി തുടരുന്ന ഭൂമി സംബന്ധമായ തർക്കങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിലാണ് എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അളവെടുപ്പിലേക്ക് റവന്യൂ വകുപ്പ് കടക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സർക്കാരിന് നിർദേശം നൽകിയത്.

അളവെടുപ്പ് നടപടികളുടെ സമയത്ത് കേരള സർവകലാശാലയുടെയും എകെജി സെന്ററിന്റെയും പ്രതിനിധികൾ ഹാജരാകണമെന്ന് റവന്യൂ അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സർവകലാശാല രജിസ്ട്രാർക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും അധികൃതർ നോട്ടീസ് നൽകി.

സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാല സിൻഡിക്കറ്റ് അംഗവുമായ ആർ.എസ്. ശശികുമാർ നൽകിയ ഹർജിയിലാണു ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഭൂമി അളക്കാൻ സർക്കാരിനു നിർദേശം നൽകിയത്.

1977 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിനു വേണ്ടി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാൽ, അനുവദിച്ച ഭൂമിയിൽ പഠന ഗവേഷണ കേന്ദ്രം തുടങ്ങാതെ, സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ ‘എകെജി സെന്റർ’ ആക്കിയെന്നാണു പരാതി. ഭൂമി സർവകലാശാലയ്ക്ക് തിരിച്ചു നൽകണമെന്നും ആർ.എസ്. ശശികുമാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img