
കൊച്ചി: വനമന്ത്രിയും എൻസിപി-എസ് നേതാവുമായ എ കെ ശശീന്ദ്രന് സ്ഥലകാല വിഭ്രാന്തിയെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. യഥാർത്ഥ എൻസിപി തങ്ങൾ ആണെന്ന അഭിപ്രായവുമായി അദ്ദേഹം ഇപ്പോഴും രംഗത്തുവരുന്നതിലെ തൊലിക്കട്ടി അപാരം തന്നെ. എൻസിപിയുടെ വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, ശശീന്ദ്രൻ ഉൾപ്പെടെയുള്ളവരെ അയോഗ്യരാക്കുമെന്ന പ്രസ്താവന നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഭയപ്പാടോടെ ശശീന്ദ്രൻ പ്രതികരണവുമായി രംഗത്തുവന്നത്. യഥാർത്ഥ എൻസിപി ആരെന്നുള്ളതിലെ കോടതിവിധി മഹാരാഷ്ട്രയിലേത് മാത്രമാണെന്ന് പറയുമ്പോൾ കേരളത്തിലുള്ള എൻസിപി-എസ് ഒരു പ്രാദേശിക സംവിധാനമാണെന്ന് കൂടി ശശീന്ദ്രൻ പറഞ്ഞുവെക്കുകയാണ്. ദേശീയ തലത്തിൽ പോലും തങ്ങളാണ് യഥാർത്ഥ എൻസിപിയെന്ന് അവകാശപ്പെട്ടിരുന്നവർ ഇന്ന് ദേശീയ തലമൊക്കെ വിട്ട് സംസ്ഥാനത്തിലേക്ക് ഒതുങ്ങിയിരിക്കുന്നു. അധികാരത്തിനുവേണ്ടി അവസരങ്ങൾ നൽകിയ പ്രസ്ഥാനത്തെ വഞ്ചിച്ചു പോയതിന്റെ ഫലമാണ് ചിഹ്നവും കൊടിയും പാർട്ടിയും ഇല്ലാത്ത സ്ഥിതിയിലേക്ക് ശശീന്ദ്രനെയും കൂട്ടരെയും എത്തിച്ചത്. യഥാർത്ഥ എൻസിപി ആരാണെന്ന ബോധ്യം സംസ്ഥാനത്തെ പാർട്ടി പ്രവർത്തകരിൽ ഉണ്ട്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടന്ന രാഷ്ട്രീയ വിശദീകരണയാത്രയിലും തുടർന്ന് നടന്ന സംസ്ഥാന സമ്മേളനത്തിലും യഥാർത്ഥ എൻസിപിയുടെ കരുത്ത് എല്ലാവരും കണ്ടതുമാണ്. അതിലുള്ള അസ്വസ്ഥതകളാണ് ശശീന്ദ്രനും കൂട്ടരും കാട്ടുന്നത്. അർഹിക്കുന്ന അവജ്ഞതയോടെ അതിനെ തള്ളിക്കളയുന്നുവെന്നും എൻ എ മുഹമ്മദ് കുട്ടി പറഞ്ഞു. സംസ്ഥാനത്ത് പിന്നെയും വന്യമൃഗ അതിക്രമങ്ങൾ വർധിച്ചു വരുമ്പോൾ യാതൊന്നും ചെയ്യാനാകാത്ത സ്ഥിതിയിലാണ് വനമന്ത്രി എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്രിയാത്മകമായ ഒരു സമീപനവും സർക്കാരിൽ നിന്നും വനം വകുപ്പിൽ നിന്നും ഉണ്ടാകുന്നില്ല. അടിയന്തരമായി മന്ത്രിസ്ഥാനം ശശീന്ദ്രൻ രാജിവെക്കണമെന്നും എൻ എ മുഹമ്മദ് കുട്ടി കൂട്ടിച്ചേർത്തു.
Photo Courtesy - Google










