09:30am 11 November 2026
NEWS
മുത്തങ്ങ വെടിവയ്പിന്റെയും ശിവഗിരിയിലെ പൊലീസ് നടപടിയുടെയും പേരിൽ തന്നെ മാത്രമാണു പഴിക്കുന്നതെന്ന് എ കെ ആന്റണി
17/09/2025  07:20 PM IST
nila
മുത്തങ്ങ വെടിവയ്പിന്റെയും ശിവഗിരിയിലെ പൊലീസ് നടപടിയുടെയും പേരിൽ തന്നെ മാത്രമാണു പഴിക്കുന്നതെന്ന് എ കെ ആന്റണി

മുത്തങ്ങ വെടിവയ്പിന്റെയും ശിവഗിരിയിലെ പൊലീസ് നടപടിയുടെയും പേരിൽ തന്നെ മാത്രമാണു പഴിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി എ കെ ആന്റണി. മുത്തങ്ങ, ശിവഗിരി, മാറാട് സംഭവങ്ങളിൽ തനിക്ക് ഖേദമുണ്ടെന്നും ആന്റണി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 1995 ൽ എ കെ ആന്റണിയുടെ ഭരണകാലത്ത് ശിവഗിരിയിലുണ്ടായ പൊലീസ് നടപടിയെ കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. ഇതിന് മറുപടി പറയാനാണ് ആന്റണി ഇന്ന് വാർത്താസമ്മേളനം വിളിച്ചത്. തന്റെ ഭരണകാലത്തെ ഒരു പൊലീസ് നടപടിയും തന്റെ ഏകപക്ഷീയമായ തീരുമാനം ആയിരുന്നില്ലെന്നും ആന്റണി ചൂണ്ടിക്കാട്ടി. 

1995 ൽ ശിവഗിരിയിലേക്ക് പൊലീസിനെ അയച്ചത് ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരമാണെന്ന് ആന്റണി ഓർമ്മിപ്പിച്ചു. അതു സർക്കാർ പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും ആന്റണി പറഞ്ഞു. 

ആദിവാസികളെ മുത്തങ്ങയിൽനിന്ന് ഇറക്കിവിടണമെന്ന് മൂന്നു തവണ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരള സർക്കാരിനു കത്തയച്ചിരുന്നു. അവിടെ കയ്യേറ്റം അനുവദിക്കരുതെന്ന താക്കീത് കൂടി വന്നശേഷമാണ് നടപടി ഉണ്ടായത്.  ഏറെ ദുഃഖകരമായ സംഭവമാണ് അവിടെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെ‌ടുപ്പിൽ ജയിച്ച സന്യാസിമാർക്ക് അധികാരം കൈമാറാൻ തോറ്റവർ തയാറാകാതിരുന്നതിനെ തുടർന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയതു പ്രകാരമാണ് പൊലീസിനെ അയയ്‌ക്കേണ്ടിവന്നതെന്നും മുൻ മുഖ്യമന്ത്രി വിശദീകരിച്ചു.

മുത്തങ്ങ സംഭവത്തിൽ അതിയായ ഖേദമുണ്ടെന്നും ആന്റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി കൊടുത്തത് എന്റെ കാലത്താണ്. മുത്തങ്ങയിൽ ആദിവാസികൾ കയറി കുടിൽ കെട്ടിയപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളും കർഷകസംഘടനകളും അവരെ ഇറക്കി വിടണമെന്നാണ് പറഞ്ഞത്. എന്നാൽ പൊലീസ് നടപടി കഴിഞ്ഞപ്പോൾ പലരും മലക്കം മറിഞ്ഞു. അവിടെ സംഘർഷത്തിൽ ഒരു ആദിവാസിയും ഒരു പൊലീസുകാരനും മരിച്ചു. വിഷയം അന്വേഷിക്കാൻ സിബിഐയെ നിയോഗിച്ചു. അന്ന് വാജ്‌പേയി സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ആ റിപ്പോർട്ടും സർക്കാരിന്റെ കയ്യിലുണ്ട്. അതും പ്രസിദ്ധീകരിക്കണം. സത്യം ജനം അറിയട്ടെ. എ.കെ.ആന്റണിയുടെ പൊലീസ് പഞ്ചസാരയും മണ്ണെണ്ണയും ചേർത്ത് ആദിവാസികളെ ചുട്ടുകരിച്ചുവെന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ആദിവാസികളെ മുത്തങ്ങയിൽനിന്ന് ഇറക്കിവിടണമെന്ന് മൂന്നു തവണ കേന്ദ്രത്തിൽനിന്ന് പരിസ്ഥിതി മന്ത്രാലയം കേരള സർക്കാരിനു കത്തയച്ചിരുന്നു. അവിടെ കയ്യേറ്റം അനുവദിക്കരുതെന്ന താക്കീത് കൂടി വന്നശേഷമാണ് നടപടി ഉണ്ടായത്. 21 വർഷമായി ഞാൻ കേരള രാഷ്ട്രീയത്തിൽനിന്നു മാറിയിട്ട്. അതുകഴിഞ്ഞ് എത്ര സർക്കാരുകൾ വന്നു. മുത്തങ്ങൾ വന്യജീവി സങ്കേതമാണെന്നാണ് യുഡിഎഫ് നിലപാട്. 15 വർഷം ഭരിച്ചത് വി.എസ്. അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും സർക്കാരുകളാണ്. എന്റെ സർക്കാർ ആദിവാസികളെ ഇറക്കിവിട്ടത് തെറ്റാണെങ്കിൽ ഏതെങ്കിലും സർക്കാർ അവിടെ വീണ്ടും ആദിവാസികളെ താമസിപ്പിക്കാനോ ഭൂമി കൊടുക്കാനോ ശ്രമിച്ചിട്ടുണ്ടോ? അതു സാധ്യമല്ല എന്നതാണ് വസ്തുത. എനിക്കു മാത്രമാണ് പഴി. അതിനു ശേഷം ഏതെങ്കിലും ആദിവാസി സംഘടന അവിടെ കുടിൽ കെട്ടി സമരം ചെയ്തിട്ടുണ്ടോ? ഇതല്ലേ സത്യം. ഞാൻ ഡൽഹിയിലേക്കു പോയതിനാൽ സത്യം പറയാൻ ആരുമുണ്ടായില്ല. ഇതൊക്കെ വീണ്ടും ആവർത്തിക്കപ്പെടുന്നതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നത്.

കഴിഞ്ഞ 21 വർഷമായി എനിക്കെതിരെ എൽഡിഎഫ് ആരോപണങ്ങൾ ഉന്നയിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മറുപടി പറയാമെന്നാണു കരുതിയത്. എന്നാൽ ഏകപക്ഷീയമായ ആക്രമണം നേരിട്ടപ്പോൾ പ്രതികരിക്കാൻ അതുവരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നു തോന്നി. ഇന്നലെയും എനിക്കെതിരെ വിമർശനങ്ങൾ ഉണ്ടായി. എനിക്കെതിരെ ഉന്നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോപണങ്ങളിൽ ഒന്ന് ശിവഗിരിയിലെ പൊലീസ് നടപടി സംബന്ധിച്ചാണ്. ചെറുപ്പം മുതൽ ഏറ്റവും ആദരിക്കുന്നത് ശ്രീനാരായണ ഗുരുദേവനെയാണ്. ശിവഗിരിയിൽ പല തവണ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഞാൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഏറ്റവും ദുഃഖവും വേദനയും ഉണ്ടാക്കിയ കാര്യമാണ് 1995 ൽ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ വേണ്ടി പൊലീസിനെ ശിവഗിരിയിലേക്ക് അയയ്‌ക്കേണ്ടിവന്നത്. അവിടെ ഉണ്ടായ സംഭവങ്ങൾ ദൗർഭാഗ്യകരമാണ്. പക്ഷേ പൊലീസിനെ അയച്ചത് ഹൈക്കോടതി നിർദേശം പാലിക്കാനാണ്. 

തിരഞ്ഞെടുപ്പിൽ ജയിച്ച സന്യാസിമാർക്ക് അധികാരം കൈമാറിയിരിക്കണം എന്നത് സർക്കാർ ചുമതലയാണെന്നും അതിനായി ക്രിമിനൽ നിയമത്തിൽ പറയുന്ന എല്ലാ അധികാരങ്ങളും പൊലീസ് പ്രയോഗിക്കണമെന്നുമാണ് കോടതി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അവിടേക്കു പോയത്. അതും ഉത്തരവ് വന്ന് ഉടനല്ല. 1995 ൽ ശിവഗിരിയിൽ തോറ്റ വിഭാഗക്കാർ ജയിച്ചവർക്ക് അധികാരം കൈമാറാൻ തയാറായില്ല. സ്വാമി പ്രകാശാനന്ദയ്ക്കും കൂട്ടർക്കും അധികാരം കൈമാറിയാൽ ശിവഗിരി കാവിവൽക്കരിക്കപ്പെടും എന്നാണ് മറുവിഭാഗം പറഞ്ഞത്. പ്രകാശാനന്ദ വിഭാഗം കോടതിയിൽ പോയി അനുകൂല വിധി നേടി. എന്നാൽ അധികാരക്കൈമാറ്റം നടന്നില്ല. ഒടുവിൽ ഹൈക്കോടതിയാണ് അധികാരക്കൈമാറ്റം നടത്തിയേ പറ്റൂ എന്നും പൊലീസ് സംരക്ഷണം നൽകണമെന്നും വ്യക്തമാക്കിയത്. 

എന്നാൽ രണ്ടു തവണ പ്രകാശാനന്ദയും കൂട്ടരും എത്തിയിട്ടും മറുവിഭാഗം തടസപ്പെടുത്തി. മൂന്നാം തവണ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ബാലസുബ്രഹ്മണ്യം കർശനമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. എന്തു പ്രത്യാഘാതമുണ്ടായാലും അധികാരക്കൈമാറ്റം നടത്തണമെന്നും ഇല്ലെങ്കിൽ കോടതിയലക്ഷ്യ നടപടി ഉണ്ടാകുമെന്നും കോടതി പറഞ്ഞു. ഇതിനിടയിൽ നിരവധി തവണ ഒത്തുതീർപ്പു ശ്രമങ്ങളും നടന്നിരുന്നു. ഏതാനും ആഴ്ചകൾ കൂടി കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചപ്പോൾ ഉദ്യോഗസ്ഥർ ബലിയാടുകളാകും എന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് 1995 ഒക്‌ടോബറിൽ അവിടെ പ്രകാശാനന്ദയ്ക്കു സംരക്ഷണം ഒരുക്കി പൊലീസ് എത്തിയത്. തുടർന്ന് അധികാരക്കൈമാറ്റം നടത്തുകയും ചെയ്തു. അവിടെ അതിനെ എതിർത്ത് ഒത്തുകൂടിയവർ ആരൊക്കെയാണെന്ന് ഞാൻ പറയുന്നില്ല. ഇതൊന്നും സർക്കാർ പെട്ടെന്നു നടപ്പാക്കിയതല്ലെന്നും എ.കെ.ആന്റണി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img