
അജിത്ത് കുമാർ അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം 'ഗുഡ് ബാഡ് അഗ്ലി' ആയിരുന്നു. ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിനെ തുടർന്ന് അജിത്ത് കുമാർ വീണ്ടും അദ്ദേഹത്തിന്റെ സംവിധാനത്തിൽ തന്നെയാണ് അഭിനയിക്കാനിരിക്കുന്നത് എന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. ഇത് അജിത്തിന്റെ 64-മത്തെ ചിത്രമാണ്. താൽക്കാലികമായി 'AK-64' എന്ന് പേരിട്ടിരിക്കുന്ന ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനവരിയിൽ ഉണ്ടാകുമെന്ന് അടുത്തിടെ അജിത്ത് തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് 'AK-64' ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഫെബ്രുവരിയിൽ തുടങ്ങുമെന്നുള്ള പുതിയ അപ്ഡേറ്റ് സംവിധായകനായ ആദിക് രവിചന്ദ്രൻ പുറത്തുവിട്ടിരിക്കുന്നത്. 'ഗുഡ് ബാഡ് അഗ്ലി'യെ പോലെത്തന്നെ ഈ ചിത്രവും ഒരു കംപ്ലീറ്റ് എന്റർട്രൈനെർ ആയിരിക്കുമെന്നും, ഈ ചിത്രത്തിൽ അജിത്തിനൊപ്പം 'വിടാമുയർച്ചി' എന്ന ചിത്രത്തിൽ വില്ലത്തിയായി അഭിനയിച്ച റെജീന കാസാൻഡ്ര ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട് എന്നുള്ള വാർത്തയും പുറത്തുവിട്ടിരിക്കുന്നത്. ഈ വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് അജിത്തിന്റെ ആരാധകർ വളരെ സന്തോഷത്തിലാണ്. അതേ സമയം ഈ ചിത്രത്തിൽ അജിത്തിന്റെ ജോഡിയായി അഭിനയിക്കാൻ പ്രശസ്ത നടിയായ ശ്രീലീലയുമായി ചർച്ചകൾ നടന്ന് കരാറിൽ ഒപ്പു വച്ചിട്ടുണ്ടെന്നുള്ള ഒരു വാർത്തയും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇത് സംബന്ധമായി സംവിധായകനോ, അജിത്തോ പ്രതികരിച്ചിട്ടില്ല!
Photo Courtesy - Google











