
ന്യൂഡൽഹി: ഔദ്യോഗിക ജീവിതത്തിലെ നിർണായകമായൊരു അനുഭവം തുറന്നു പറഞ്ഞ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ചൈനീസ് അതിർത്തിക്കടുത്ത് രഹസ്യാന്വേഷണ ദൗത്യത്തിനിടെ സംഭവിച്ച ഗുരുതര വീഴ്ചയും, അതിനെ തുടർന്ന് തന്റെ കരിയർ തന്നെ അവസാനിച്ചെന്ന് കരുതിയ നിമിഷങ്ങളുമാണ് ഐ.ഐ.ടി. റൂർക്കിയിലെ ബിരുദദാനച്ചടങ്ങിൽ ഡോവൽ പങ്കുവെച്ചത്.
രഹസ്യാന്വേഷണ ജീവിതത്തിന്റെ തുടക്കകാലത്തായിരുന്നു സംഭവം. ചൈനീസ് അതിർത്തിയിലെ നീക്കങ്ങൾ നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ഡോവലിന്റെ ചുമതല. ഇതിനായി ഒരു സംഘത്തെ പ്രദേശത്തേക്ക് അയച്ചു. എട്ടുദിവസത്തിനകം മടങ്ങിയെത്തണമെന്നായിരുന്നു നിർദേശം. എന്നാൽ 15 ദിവസം കഴിഞ്ഞിട്ടും സംഘം തിരിച്ചെത്തിയില്ല.
തുടർന്ന് സംഘം ചൈനീസ് സൈന്യത്തിന്റെ പിടിയിലായതായി വിവരം ലഭിച്ചു. പിന്നീട് ഏജന്റുമാർ തിരിച്ചെത്തിയെങ്കിലും സംഭവിച്ചത് വലിയ സുരക്ഷാവീഴ്ചയായി കണക്കാക്കപ്പെട്ടു. ഇതോടെ ഡോവലിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. തന്റെ കരിയർ അവിടെ അവസാനിച്ചുവെന്നാണ് അന്ന് കരുതിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അന്വേഷണത്തിൽ ഡോവലിന് ക്ലീൻ ചിറ്റ് ലഭിച്ചു. ഹെഡ്ക്വാർട്ടേഴ്സിൽനിന്ന് നൽകിയ ഭൂപടങ്ങളിലും സ്കെച്ചുകളിലുമുണ്ടായിരുന്ന പിഴവുകളാണ് സംഘം വഴിതെറ്റാൻ കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
ഈ സംഭവത്തിനിടെയാണ് സഹപ്രവർത്തകനായ ഒരു ടിബറ്റൻ ഷെർപ്പ നൽകിയ ഉപദേശം ഡോവലിന്റെ ജീവിതവീക്ഷണത്തിൽ വലിയ മാറ്റമുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
“നിങ്ങൾ ഇപ്പോൾ എവിടെയാണെന്ന് വ്യക്തമായി അറിയണം. എങ്ങോട്ടാണ് പോകേണ്ടതെന്ന് കൃത്യമായി തീരുമാനിക്കണം. അവിടെയെത്താനുള്ള ശരിയായ വഴി മനസ്സിലാക്കണം.”
പിന്നീട് തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളിലും ഈ മൂന്ന് കാര്യങ്ങളാണ് വഴികാട്ടിയായതെന്നും ഡോവൽ പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും ലക്ഷ്യവും നിലവിലെ സാഹചര്യവും അതിലേക്കുള്ള വഴിയും കൃത്യമായി തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യമാണ് ആ പഴയ അനുഭവം തന്നെ പഠിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.










